രുചക്ര ഇലക്ട്രിക് വാഹന രംഗത്ത് ചുവടുറപ്പിക്കാന്‍ ബജാജ് ഒരുങ്ങുന്നു. ഇലക്ട്രിക് കരുത്തില്‍ ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കാനുള്ള ബജാജിന്റെ ഇലക്ട്രിക് വാഹന സബ്-ബ്രാന്‍ഡ് 2020-ഓടെ യാഥാര്‍ഥ്യമാകും. ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ ടെസ്‌ലയായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'ബജാജ് അര്‍ബണെറ്റ്' എന്ന സബ്-ബ്രാന്‍ഡിലാണ് ഇലക്ട്രിക് ബൈക്കും സ്‌കൂട്ടറും പുറത്തിറങ്ങുക. ഇലക്ട്രിക് മുചക്ര വാഹനങ്ങളും ഈ ബ്രാന്‍ഡിന് കീഴിലെത്തും. 

ആദ്യ ഘട്ടത്തില്‍ ഒരു പ്രീമിയം ഇലക്ട്രിക് ബൈക്കും ഇലക്ട്രിക് സൂകട്ടുറുമാണ് ഈ സെഗ്‌മെന്റില്‍ ബജാജ് അവതരിപ്പിക്കുക. നിലവില്‍ നിരവധി ഇലക്ട്രിക് ടൂ വീലര്‍ ഇന്ത്യയിലുണ്ടെങ്കിലും പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ അവയൊന്നും അത്ര കേമന്‍മാരല്ല. ഈ നൂനത പരിഹരിച്ച് വിപണി പിടിക്കാനാണ് ബജാജിന്റെ ലക്ഷ്യം. മുഖ്യ എതിരാളിയായ ഹീറോ ഇലക്ട്രിക്കിന് ഇ-സ്പ്രിന്റ്, ഫോട്ടോണ്‍ തുടങ്ങിയ സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഒറ്റചാര്‍ജില്‍ പരമാവധി 70 കിലോമീറ്റര്‍ വരെയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്, മണിക്കൂറിര്‍ 40-45 കിലോമീറ്റര്‍ വേഗതയും. 

ഏഥര്‍ എനര്‍ജി, ടോര്‍ക്ക് മോട്ടോര്‍ സൈക്കിള്‍സ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെതായ സ്‌പേസ് രൂപപ്പെടുത്താനുള്ള ശ്രമത്തിലുമാണ്. ഏഥര്‍ എസ്340, ടോര്‍ക്ക് ടി6എക്‌സ് എന്നിവ പ്രദര്‍ശന വേളയില്‍തന്നെ ഏറെ ആരാധരകരെ സൃഷ്ടിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ ഇവ രണ്ടും വിപണിയിലെത്തും. ഇവയോട് കിടപിടിക്കാന്‍ നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാള്‍ പെര്‍ഫോമെന്‍സ് കാഴ്ചവയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് ബജാജ് നിരത്തിലെത്തുക. 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഇലക്ട്രിക്കിലേക്ക് മാറാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.