ന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ ഐതിഹാസിക നാമമായ ചേതക് ഒരു ഇടവേളയ്ക്ക് ശേഷം ഇലക്ട്രിക് കരുത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഈ വാഹനം അവതരിപ്പിച്ചപ്പോള്‍ മുതല്‍ മത്സരിച്ചെത്തിയാണ് ഉപയോക്താക്കള്‍ ഈ വാഹനം സ്വന്തമാക്കിയത്. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ബുക്കിങ്ങ് രണ്ട് നഗരങ്ങളില്‍ കൂടി തുറന്നതായി ബജാജ് അറിയിച്ചു. 

മൈസൂര്‍, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ, പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് പുതുതായി ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങിയിട്ടുള്ളത്. 2000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഇലക്ട്രിക് ചേതക്കിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ വാഹനം വിറ്റുത്തീരുകയായിരുന്നു.

പുണെ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ 2020-ല്‍ തന്നെ വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, കൊറോണ വൈറസ് ബാധയും ലോക്ഡൗണിനെയും തുടര്‍ന്ന് വിതരണം നിലയ്ക്കുകയായിരുന്നു. എന്നാല്‍, കോവിഡ് ഭീതി കുറഞ്ഞതോടെ കൂടുതല്‍ നഗരങ്ങളില്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ബജാജ്.

2020-ലാണ് ബജാജ് ചേതക് എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. പ്രീമിയം, അര്‍ബണ്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ നിരത്തുകളില്‍ എത്തിയിരുന്നത്. അടുത്തിടെ ഈ വാഹനങ്ങളുടെ വിലയും കമ്പനി ഉയര്‍ത്തിയിരുന്നു. പ്രീമിയം വേരിയന്റിന് 1.44 ലക്ഷം രൂപയും അര്‍ബണ്‍ പതിപ്പിന് 1.42 ലക്ഷം രൂപയുമാണ് പുതിയ വില. 

 IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോണ്‍ ബാറ്ററിയാണ് ചേതക്കിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അഞ്ച് ബി.എച്ച്.പി. പവറും 16.2 എന്‍.എം. ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

Content Highlights: Bajaj Reopen Booking For Electric Chetak In Two Cities