ന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ പള്‍സര്‍ നിരയില്‍ 220 മോഡലിന്റെ ആധിപത്യം തകര്‍ത്ത് പുതിയ കരുത്തര്‍ എത്തിയിരിക്കുകയാണ്. 250 സി.സി. എന്‍ജിനില്‍ പള്‍സര്‍ എഫ്250, എന്‍250 എന്നീ മോഡലുകളാണ് ബജാജ് എത്തിച്ചിരിക്കുന്നത്. എഫ് വേരിയന്റ് ഫെയേഡ് പതിപ്പും എന്‍ വേരിയന്റ് നേക്കഡ് മോഡലുമായാണ് എത്തിയിട്ടുള്ളത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 1.40 ലക്ഷം രൂപയും 1.38 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില. 

ബജാജ് എത്തിച്ചിട്ടുള്ള ഈ രണ്ട് മോഡലുകള്‍ക്കും കരുത്തരായ എതിരാളികളാണ് നിരത്തുകളില്‍ ഉള്ളത്. പള്‍സര്‍ 250 നേക്കഡ് മോഡല്‍ യമഹ FZ250-യോടും സുസുക്കി ജിക്‌സര്‍ 250-യോടും മത്സരിക്കുമ്പോള്‍ പള്‍സര്‍ എഫ്250 സുസുക്കി ജിക്‌സര്‍ എസ്.എഫ്.250-യുമായി ഏറ്റുമുട്ടും. എഫ്250 റേസിങ്ങ് റെഡ്, ടെക്‌നോ ഗ്രേ എന്നീ നിറങ്ങളിലും, എന്‍250 ടെക്‌നോ ഗ്രേ കളറിലും മാത്രമാണ് വിപണിയില്‍ എത്തുകയെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്. 

Bajaj Pulsar F250

നിലവില്‍ നിരത്തുകളിലുള്ള പള്‍സര്‍ മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. മസ്‌കുലര്‍ ഡിസൈനിലാണ് എഫ് 250 ഒരുങ്ങിയിട്ടുള്ളത്. വോള്‍ഫ്-ഐ ഡിസൈനാണ് മുഖഭാവത്തിനുള്ളത്. ബൈ-ഫങ്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബൂമറാങ്ങ് ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സ്പ്ലിറ്റ് സീറ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, അപ്‌സെപ്വറ്റ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവായാണ് എഫ് 250-യെ അലങ്കരിക്കുന്നത്. 

Bajaj Pulsar N250

എതിരാളികളായ നേക്കഡ് ബൈക്കുകളുമായി മത്സരിക്കാന്‍ പോകുന്ന രൂപഭംഗിയാണ് നേക്കഡ് മോഡലില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതിയ എന്‍ജിന്‍ കൗള്‍, വലിയ പെട്രോള്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്റ്റൈലിഷായി നല്‍കിയിട്ടുള്ള ഗ്രാബ് റെയില്‍, ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീലുകള്‍, ബോഡിയില്‍ നല്‍കിയിട്ടുള്ള ഗ്രാഫിക്‌സ് ഡിസൈനുകള്‍ തുടങ്ങിയവയാണ് നേക്കഡ് മോഡലിനെ സ്‌റ്റൈലിഷാക്കുന്ന ഘടകങ്ങള്‍. 

കാഴ്ച്ചയില്‍ മാറ്റമുണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കുവെച്ചാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. 249 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോഡലുകളുടെ ഹൃദയം. ഇത് 24.5 പി.എസ്. പവറും 21.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്മൂത്ത് ട്രാന്‍സ്മിഷന്‍ ഉറപ്പാക്കുന്നതിനായി സ്ലിപ്പ് ആന്‍ഡ് ആസിസ്റ്റ് ക്ലെച്ചിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ ബൈക്കുകളില്‍ നല്‍കിയിട്ടുള്ളത്.

Content Highlights: bajaj pulsar 250 range models launched in india, Bajaj Pulsar F250 Price in india, Bajaj Pulsar N250 Ex Showroom Price