വാഹനം ഏതായാലും നമ്മുടെ ആഗ്രഹത്തിനൊത്ത മാറ്റങ്ങള്‍ വരുത്താനുതകുന്ന ബൈക്ക്/കാര്‍ മോഡിഫിക്കേഷന്‍സ് ഗ്രൂപ്പുകള്‍ ഇന്ന് എല്ലായിടത്തുമുണ്ട്. ഇങ്ങനെ രൂപംമാറി ട്രയംഫ് ടൈഗറായ ബജാജ് പള്‍സര്‍ NS 200 ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ അഡ്വേഞ്ചര്‍ ടൂറര്‍ ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യത്തിലാണ് ബജാജ് പള്‍സറിനെ എംഎസ് റോഡ്‌സ് കസ്റ്റം പാര്‍ട്ട്‌സുകള്‍ ഉപയോഗിച്ച് ജയ്‌നഗറില്‍ ഒരു ടൂറര്‍ ബൈക്കിലേക്ക് പറിച്ചുനട്ടത്. 

ചെറുതും വലുതുമായി നിരവധി കസ്റ്റം പാര്‍ട്ടസുകള്‍ ഉപയോഗിച്ചാണ് NS 200 ട്രയംഫായി മാറിയത്. വലിയൊരു ബൈക്കിന്റെ പരിവേഷം വാഹനത്തിന് ലഭിച്ചു. ടൈഗര്‍ 800 മുഖഛായ വരുത്താല്‍ വലിയ വിന്‍ഡ് സ്‌ക്രീന്‍ മുന്‍വശത്ത് നല്‍കി. കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ് വീതിയേറിയ ഹാന്‍ഡില്‍ ബാര്‍. ഓഫ്‌റോഡ് സാഹചര്യങ്ങളില്‍ എന്‍ജിനെ സംരക്ഷിക്കാന്‍ വലിയ ക്രാഷ് ഗാര്‍ഡ് ആവരണമുണ്ട്. ഹെഡ്‌ലാംമ്പ് കേജ്, മെറ്റല്‍ സ്‌കിഡ് പ്ലേറ്റ്, ലഗേജ് കാരിയര്‍, ബാക്ക്‌റെസ്റ്റ് എന്നിവയെല്ലാം പുതുതായി ഉള്‍പ്പെടുത്തി.  

Pulsar
Courtesy; Youtube Captured Image, Bigbang Biker

ഫ്രണ്ട് ഫോര്‍ക്കിലും മാറ്റമുണ്ട്. എക്‌സ്‌ഹോസ്റ്റ് മാറ്റിപ്പണിതു. ഇതുവഴി പള്‍സറിന്റെ തനത് ശബ്ദവും മാറി. നോര്‍മല്‍ NS 200-ല്‍ നിന്ന് 8-9 കിലോഗ്രാം വരെ കസ്റ്റം മോഡലിന് ഭാരം വര്‍ധിച്ചു. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റവുമില്ല. 199.5 സിസി എന്‍ജിന്‍ 23.17 ബിഎച്ച്പി കരുത്തും 18.3 എന്‍എം ടോര്‍ക്കും നല്‍കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരമൊരു മോഡിഫിക്കേഷന്‍. നിരത്തിലോടാനുള്ള നിയമാനുമതി ഇതിന്‌ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. 

NS 200
Courtesy; Youtube Captured Image, Bigbang Biker