ജാജിന്റെ ബൈക്കുകള്‍ക്ക് വ്യക്തമായ മേല്‍വിലാസമുണ്ടാക്കിയത് പള്‍സറാണ്. 150 സിസി മോഡലില്‍ ആരംഭിച്ച ഈ  ശ്രേണിയിൽ  ഇപ്പോള്‍ നിരവധി ബൈക്കുകളാണുള്ളത്. എന്നാല്‍, പള്‍സറുകളിലെ രണ്ടാമനായ പള്‍സര്‍ 180 നിരത്തൊഴിയാന്‍ ഒരുങ്ങുകയാണ്.

ഇതിന് മുന്നോടിയായി, പള്‍സര്‍ 180 എഫ് എന്ന പകരക്കാരനെ ബജാജ് വിപണിയിലെത്തിച്ചിട്ടുണ്ട്. പള്‍സര്‍ 180-യുടെ പ്ലാറ്റ്‌ഫോമില്‍ 220 എഫിന്റെ ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ ജനുവരിയിലാണ് പള്‍സര്‍ 180 എഫ് അവതരിപ്പിച്ചത്. പള്‍സര്‍ 180 പിന്‍വലിക്കുന്നതിന് മുന്നോടിയായാണ് ഈ ബൈക്ക് എത്തിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 86,490 രൂപയാണ് പള്‍സര്‍ 180 എഫിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില. 

ബജാജ് നിരത്തിലെത്തിച്ച പള്‍സറുകളില്‍ നല്ലൊരു ഭാഗവും 150, 180 സിസി മോഡലുകളാണ്. പള്‍സര്‍ മേല്‍വിലാസത്തില്‍ നിരവധി ബൈക്കുകള്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഇവയൊന്നും വേണ്ടത്ര ജനശ്രദ്ധ നേടിയിരുന്നില്ല. 

പള്‍സര്‍ 220 എഫില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്യുവല്‍ ടാങ്ക്, ടയര്‍ എന്നിവ 180 എഫിലും സ്ഥാനം പിടിച്ചിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ നൈട്രോക്‌സ് ഷോക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. 

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 178 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 17 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

Content Highlights: Bajaj Pulsar 180 Discontinued in India