ജാജ് പള്‍സറിന്റെ നേക്കഡ് സ്‌പോര്‍ട്‌സ് റേഞ്ച് ബൈക്കുകളില്‍ ഏറ്റവും കുഞ്ഞനായി പള്‍സര്‍ എന്‍.എസ്. 125 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജാജിന്റെ എന്‍ട്രി ലെവല്‍ പെര്‍ഫോമെന്‍സ് ബൈക്കാകുന്ന എന്‍.എസ്. 125-ന് 93,690 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 200 എന്‍.എസിനെ പോലെ യുവാക്കളെ ലക്ഷ്യമാക്കിയാണ് ഈ മോഡലും എത്തിച്ചിട്ടുള്ളതെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്. 

പ്യൂറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫയറി ഓറഞ്ച്, ബേണ്‍ട് റെഡ് എന്നീ നാല് നിറങ്ങളിലാണ് പള്‍സര്‍ എന്‍.എസ് 125 വിപണിയില്‍ എത്തിയിട്ടുള്ളത്. 125 സി.സി. ബൈക്ക് ശ്രേണിയില്‍ ഏറ്റവും കരുത്തനായി മോഡലായിരിക്കും എന്‍.എസ്. 125 എന്നാണ് ബജാജ് അവകാശപ്പെടുന്നത്. കെ.ടി.എം. 125 ഡ്യൂക്ക് ആയിരിക്കും ഈ ബൈക്കിന്റെ പ്രധാന എതിരാളിയെന്നും നിര്‍മാതാക്കളായ ബജാജ് അറിയിച്ചു.

ബജാജ് മുമ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള പള്‍സര്‍ എന്‍.എസ്. 200-ന് സമാനമായ ഡിസൈനിലാണ് 125 സി.സി. മോഡലും ഒരുങ്ങിയിട്ടുള്ളത്. വോള്‍ഫ് ഐഡ് ഹെഡ്‌ലാമ്പ്, ട്വിന്‍ പൈലറ്റ് ലൈറ്റുകള്‍, ട്വിന്‍ സ്ട്രിപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, സപ്ലിറ്റ് ഗ്രാബ് റെയില്‍, മസ്‌കുലര്‍ ഭാവമുള്ള സൈഡ് പാനലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പള്‍സറിന്റെ ഈ കുഞ്ഞന്‍ മോഡലിനെയും അലങ്കരിക്കുന്നുണ്ട്. 

ഈ വാഹനത്തിലെ റൈഡിങ്ങ് കൂടുതല്‍ സുഖമമാക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് നല്‍കിയിട്ടുള്ളത്. 240 എം.എം. ഡിസ്‌ക് ബ്രേക്ക് മുന്നിലും 130 എം.എം. ഡ്രം ബ്രേക്ക് പിന്നിലും സുരക്ഷയൊരുക്കും. 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 2012 എം.എം. നീളവും, 810 എം.എം. വീതിയും 1078 എം.എം ഉയരവുമാണ് ഇതിനുള്ളത്. 

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിരയിലാണ് ബജാജ് ഈ കുഞ്ഞന്‍ ബൈക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 125 സി.സി. ഡി.ടി.എസ്-ഐ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 12 പി.എസ്. പവറും 11 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 144 കിലോ ഗ്രാമാണ് ഈ ബൈക്കിന്റെ ആകെ ഭാരം.

Content Highlights: Bajaj Pulsar 125 NS Launched In India