ജാജിന്റെ പള്‍സര്‍ ശ്രേണിയിലെ ഏറ്റവും കുഞ്ഞനായ പള്‍സര്‍ 135 എന്‍ജിന്‍ കരുത്ത് അല്‍പ്പം കൂടി കുറയുന്നു. 135 സിസിയില്‍ നിന്ന് 125 സിസിയിലേക്കാണ് എന്‍ജിന്റെ കരുത്ത് കുറയുന്നത്. 125 സിസിയിലുള്ള പള്‍സറുകള്‍ രാജ്യാന്തര നിരത്തുകളില്‍ ഇതിനോടകം സജീവമായിട്ടുണ്ട്. 

2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകളില്‍ എബിഎസ് ബ്രേക്കിംങ് സംവിധാനവും സ്‌കൂട്ടറുകളില്‍ കോംമ്പി ബ്രേക്കിംങ് സംവിധാനവും ഉറപ്പാക്കണമെന്ന ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പള്‍സര്‍ 135-ല്‍ നിന്ന് 125 സിസി ആകുന്നത്. 

എബിഎസ് സംവിധാനത്തോടെ 135 സിസി പള്‍സര്‍ പുറത്തിറക്കുന്നത് വാഹനത്തിന്റെ ഉത്പാദന ചിലവ് ഉയരാന്‍ കാരണമാകും. വാഹനത്തിന്റെ വില വീണ്ടും ഉയര്‍ത്തുന്നത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ജിന്‍ ശേഷി 125 സിസിയായി കുറയ്ക്കുന്നത്. 

ബജാജിന്റെ മറ്റൊരു കരുത്തന്‍ വാഹനമായ പള്‍സര്‍ 200 എന്‍എസിന്റെ മാതൃകയിലാണ് പുതിയ പള്‍സര്‍ 125 എത്തുന്നത്. മാറ്റ് ഫിനീഷിങ്ങിലുള്ള ഡുവല്‍ ടോണ്‍ ബോഡി കളറും, ഗ്രാഫിക്‌സും നല്‍കിയായിരിക്കും പുതിയ പള്‍സര്‍ നിരത്തിലെത്തിക്കുക. 

ഡിടിഎസ്-ഐ എന്‍ജിനില്‍ തന്നെയായിരിക്കും ഈ വാഹനത്തിനും കരുത്തും നല്‍കുക. ഈ എന്‍ജിന്‍ 124.4 സിസിയില്‍ 12 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കുമേകും. മുന്‍ മോഡലില്‍ നല്‍കിയിരുന്ന അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സ് പള്‍സര്‍ 125-ലും തുടരും.