90-കളുടെ അവസാനം മുതല്‍ 2006 വരെ ഇന്ത്യയിലെ യുവാക്കളുടെ മനസ് കവര്‍ന്നിട്ടുള്ള ഇരുചക്ര വാഹനങ്ങളിലൊന്നാണ് ബജാജ് കാലിബര്‍. 100 സി.സി. ബൈക്കുകളുടെ പ്രതാപകാലത്ത് 110 സി.സി. എന്‍ജിനിലെത്തിയ ഈ ബൈക്ക് വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൂഡിബാബ എന്ന പരസ്യ വാചകവുമായി കാലിബര്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടാമനും എത്തിയതോടെ ഈ നാമം ഏറെ ശ്രദ്ധ നേടുകയായിരുന്നു.

ബജാജിന്റെ ബൈക്ക് ശ്രേണി കൂടുതല്‍ വിപുലമായതോടെ 2006-ല്‍ നിരത്തൊഴിഞ്ഞ കാലിബര്‍ എന്ന നാമം മടക്കികൊണ്ടുവരാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് സൂചന. കാലിബര്‍ എന്ന പേരിന് ബജാജ് വീണ്ടും ട്രേഡ് മാര്‍ക്ക് സ്വന്തമാക്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ സംശയം ശക്തിപ്രാപിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ബജാജിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജിന്റെയും ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കവാസാക്കിയുടെയും കൂട്ടുകെട്ടിലാണ് 1998-ല്‍ കാലിബര്‍ എന്ന വാഹനം പുറത്തിറങ്ങുന്നത്. കവാസാക്കി ബജാജ് കാലിബര്‍ എന്ന പേരിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തിയിരുന്നത്. 4 എസ് ചാമ്പ്യന്‍ ഉള്‍പ്പെടെയുള്ള ബൈക്കുകളും ഈ കമ്പനികളുടെ കൂട്ടുക്കെട്ടില്‍ അക്കാലത്ത് നിരത്തുകളില്‍ എത്തിയിരുന്നു.

ടൂ സ്‌ട്രോക്ക് എന്‍ജിന്‍ ബൈക്കുകള്‍ നിരത്തുകള്‍ വാണിരുന്ന കാലത്ത് മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ ശബ്ദവും കരുത്തുമായി എത്തിയ ഈ 110 സി.സി. ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ ബൈക്ക് വിപണി കീഴടക്കുകയായിരുന്നു. 111.6 സി.സി. എന്‍ജിനായിരുന്നു കാലിബറിന് കരുത്തേകിയിരുന്നത്. 85 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.6 ബി.എച്ച്.പി. പവറായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. 

പത്ത് വര്‍ഷത്തെ കാലവധിയില്‍ 1998-ലാണ് കാലിബര്‍ എന്ന പേരിന് ആദ്യം ബജാജ് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയത്. എന്നാല്‍, ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. കമ്മ്യൂട്ടര്‍ ബൈക്കായി എത്തിയിരുന്ന കാലിബര്‍ ഇനിയും ആ ശ്രേണിയില്‍ എത്താനിടയില്ലെന്നാണ് സൂചന. 125, 135 സി.സി. എന്‍ജിനുമായായിരിക്കും കാലിബറിന്റെ മടങ്ങി വരവെന്നും അഭ്യൂഹങ്ങളുണ്ട്.

Source: Car and Bike

Content Highlights: Bajaj Filed Trademark For The Name Caliber