രു കാലത്ത് നിരത്തുകളിലെ പടക്കുതിരയായിരുന്നു ബജാജിന്റെ ചേതക് എന്ന സ്‌കൂട്ടര്‍. എന്നാല്‍, ന്യൂജനറേഷന്‍ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും കാലഘട്ടത്തില്‍ ഈ വാഹനം നിരത്തൊഴിഞ്ഞെങ്കിലും ആ പേരിലെ പ്രസക്തി തിരിച്ചറിഞ്ഞ് ഇ- ചേതക് എന്ന പേരില്‍ ഇലക്ട്രിക് കരുത്തില്‍ ഒരു ന്യൂജെന്‍ സ്‌കൂട്ടറുമായി ബജാജ് തിരിച്ചെത്തിക്കുകയായിരുന്നു. വന്‍ സ്വീകാര്യതയാണ് ഇ-ചേതക്കിന് ലഭിച്ചത്.

ഒറ്റയടിക്ക് ഇന്ത്യയില്‍ മൊത്തം വില്‍പ്പനയ്ക്ക് എത്തിക്കാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധ്യതയേറെയുള്ള നഗരങ്ങളിലാണ് ഇ-ചേതക് ആദ്യമെത്തിയത്. ഘട്ടം ഘട്ടമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ വാഹനത്തിന്റെ വില്‍പ്പന വ്യാപിപ്പിക്കാനാണ് നിര്‍മാതാക്കളായ ബജാജ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാഗ്പൂരിലെ ഇ-ചേതക്കിന്റെ വില്‍പ്പന ആരംഭിക്കാനുള്ള നീക്കത്തിലാണ് ബജാജ്.

ബെംഗളൂരു, പൂണെ എന്നീ നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ ഇ-ചേതക് വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. നാഗ്പൂരാണ് ചേതക്കിന്റെ മൂന്നാമത്തെ വിപണി. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കായി ഈ വാഹനം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ 22 നഗരങ്ങളില്‍ ഇ-ചേതക്കിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ ബജാജ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂജനറേഷന്‍ ഡിസൈന്‍ ശൈലിയിലാണ് ഇ-ചേതക് ഒരുങ്ങിയിട്ടുള്ളത്. റെട്രോ ഡിസൈനിനൊപ്പം എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ്, റിവേഴ്‌സ് ഗിയര്‍ എന്നിവ ഇലക്ട്രിക് ചേതക്കിനെ വ്യത്യസ്തമാക്കും. നിരവധി കണക്റ്റിവിറ്റി ഫീച്ചേഴ്‌സും ഇ-ചേതക്കില്‍ നല്‍കിയിട്ടുണ്ട്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അഞ്ച് ബി.എച്ച്.പി. പവറും 16.2 എന്‍.എം. ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടെ സുരക്ഷയും കാര്യക്ഷമമാണ്.

Content Highlights: Bajaj E-Chetak Electric Scooter Next Launch In Nagpur