തിഹാസിക മോഡലായിരുന്ന പഴയ ചേതക്ക് സ്‌കൂട്ടറിനെ ഓര്‍മ്മപ്പെടുത്തി ബജാജ് നിരയിലെ ആദ്യ ഇലക്ട്രിക് സകൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്' അവതരിച്ചു. ബജാജിന്റെ പുതിയ അര്‍ബണെറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് നിരത്തിലേക്കെത്തുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്. 

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും. 

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. പേര് ഒന്നാണെങ്കിലും പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വ്യത്യസ്തമാക്കും. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്. 

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയിലേ കമ്പനി അറിയിക്കു. പ്രീമിയം സ്‌കൂട്ടറായ ചേതക്ക് ഇലക്ട്രിക്കിന് ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights; bajaj chetak electric scooter revealed in india