ന്‍ജിനിലൊന്നുമല്ല കാര്യം ചേതക് എന്ന ആ പേരിലാണ്. ഇത് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് ചേതക് എന്ന പേരില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍. ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-നാണ് ഇ-ചേതക്കിന്റെ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചത്. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ ഇത് ക്ലോസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കാരണം മറ്റൊന്നുമല്ല ബുക്കിങ്ങ് തുറന്നതോടെ ചേതക്‌ സ്വന്തമാക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് തന്നെയാണ്.

ഉത്പാദനം പൂര്‍ത്തിയായിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തെക്കാള്‍ ആളുകള്‍ ഈ വാഹനം സ്വന്തമാക്കാനെത്തിയതോടെയാണ് ബുക്കിങ്ങ് ക്ലോസ് ചെയ്തതെന്നാണ് സൂചന. ഓണ്‍ലൈനായായിരുന്നു ബുക്കിങ്ങ് സ്വീകരിച്ചിരുന്നത്. ചേതക് ബുക്കുചെയ്ത ഉപയോക്താക്കള്‍ക്ക് വാഹനം പരമാവധി വേഗത്തില്‍ കൈമാറാന്‍ ശ്രമിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറയുന്നതായും നിര്‍മാതാക്കളായ ബജാജ് അറിയിച്ചു.

2020-ലാണ് ബജാജ് ചേതക് എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. പ്രീമിയം, അര്‍ബണ്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ നിരത്തുകളില്‍ എത്തിയിരുന്നത്. പ്രീമിയം വേരിയന്റിന് 1.26 ലക്ഷം രൂപയും അര്‍ബണ്‍ പതിപ്പിന് 1.22 ലക്ഷം രൂപയുമായിരുന്നു ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പൂനെയിലെ ഓണ്‍റോഡ് വില. പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലെ ഉപയോക്താക്കള്‍ക്കായാണ് ചേതക്കിന്റെ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചിരുന്നത്. 

Bajaj Chetak

റെട്രോ രൂപത്തിന് പ്രധാന്യം നല്‍കിയാണ് ചേതക്ക് ഇലക്ട്രിക്കിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ്, റിവേഴ്‌സ് ഗിയര്‍ എന്നിവയെല്ലാം ഇലക്ട്രിക് ചേതക്കിനെ വ്യത്യസ്തമാക്കും. ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റിവിറ്റി ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്. 

Bajaj Chetak

 IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അഞ്ച് ബി.എച്ച്.പി. പവറും 16.2 എന്‍.എം. ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. 2022-ഓടെ രാജ്യത്തെ 24 നഗരങ്ങളില്‍ ഇ-ചേതക് ലഭ്യമാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.

Content Highlights: Bajaj Chetak Electric Scooter Booking Closed In 48 Hours