പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവോടെ ബജാജിന്റെ ഐതിഹാസിക സ്‌കൂട്ടറായ ചേതക്കിന്റെ പേര് പുനര്‍ജനിക്കുകയാണ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്റായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 നവംബറില്‍ അവതരിപ്പിച്ച ഈ വാഹനം ജനവരി 14-ന് നിരത്തുകളിലെത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

പുണെയിലാണ് ഇ-ചേതക്ക് ആദ്യം ലഭ്യമാവുകയെന്നാണ് വിവരം. ഇതിനുപിന്നാലെ ബെംഗളൂരിവിലും മറ്റ് മെട്രോ നഗരങ്ങളിലും പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബജാജിന്റെ പ്രീമിയം ഡീലര്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന കെടിഎം ഷോറൂമുകളിലൂടെയായിരിക്കും ഇ-ചേതക്കിന്റെ വില്‍പ്പനയെന്നാണ് വിവരം. ഏകദേശം 1.20 ലക്ഷം രൂപയായിരിക്കും ഇതിന്റെ വില.

പേര് ഒന്നാണെങ്കിലും പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇ-ചേതക്കിനില്ല. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് ഇ-ചേതക്കിന്റെ രൂപകല്‍പന. റെട്രോ രൂപത്തിലുളള എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വ്യത്യസ്തമാക്കും. 

സിറ്റി, സ്പോര്‍ട്സ് എന്നീ ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുകയെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുണ്ടാവുക. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അതേസമയം ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ സംബന്ധിച്ച വിവരങ്ങളൊന്നും ബജാജ് വ്യക്തമാക്കിയിട്ടില്ല.

Content Highlights: Bajaj Chetak Electric Scooter All Set To Launch