പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡില്‍ ബജാജിന്റെ ആദ്യ ഇലക്ട്രിക് മോഡലാണ് ചേതക്ക്. കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച ചേതക്ക് ഇലക്ട്രിക്കിന്റെ ബുക്കിങ് 2020 ജനുവരിയില്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ബജാജ്. ചേതക്കിന്റെ ലോഞ്ചിങ്ങിന് മുന്നോടിയായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ കമ്പനി നടത്തിയ 'ചേതക്ക് ഇലക്ട്രിക് യാത്രയുടെ' സമാപന ചടങ്ങിലാണ് വാഹനത്തിന്റെ ബുക്കിങ് സംബന്ധിച്ച സൂചന ബജാജ് ഓട്ടോ നല്‍കിയത്. ചേതക്കിന്റെ വില സംബന്ധിച്ച വിവരങ്ങളും ജനുവരിയില്‍ അറിയാം. 

പുണെയിലാണ് ഇ-ചേതക്ക് ആദ്യം ലഭ്യമാവുക. ഇതിന് ശേഷം ബെംഗളൂരിവിലും പുറത്തിറങ്ങും. പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഘട്ടംഘട്ടമായി അവതരിപ്പിക്കും. റഗുലര്‍ പതിപ്പിന് പുറമേ ചേതക്കിന്റെ ഒരു പെര്‍ഫോമെന്‍സ് വകഭേദം അണിയറയില്‍ ഒരുങ്ങുന്നതായും ബജാജ് സൂചന നല്‍കിയിട്ടുണ്ട്. രൂപത്തില്‍ റഗുലര്‍ ഇലക്ട്രിക് ചേതക്കിന് സമാനമായിരിക്കും ഈ പെര്‍ഫോമെന്‍സ് ചേതക്ക്. വാഹനത്തിന്റെ ഓവറോള്‍ പെര്‍ഫോമെന്‍സ്, ഇലക്ട്രിക് മോട്ടോര്‍, ഇലക്ട്രിക് റേഞ്ച്, സസ്‌പെന്‍ഷന്‍ സംവിധാനം തുടങ്ങിയ ഫീച്ചേഴ്‌സിലായിരിക്കും പെര്‍ഫോമെന്‍സ് ചേതക്കിന്‌ മാറ്റങ്ങളുണ്ടാവുക.  

റെട്രോ രൂപത്തിന് പ്രധാന്യം നല്‍കിയാണ് ചേതക്ക് ഇലക്ട്രിക്കിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ്, റിവേഴ്സ് ഗിയര്‍ എന്നിവയെല്ലാം ഇലക്ട്രിക് ചേതക്കിനെ വ്യത്യസ്തമാക്കും. ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റിവിറ്റി ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്. 

സിറ്റി, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളുണ്ട് ചേതക്കിന്. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അതേസമയം ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ സംബന്ധിച്ച വിവരങ്ങളൊന്നും ബജാജ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അടുത്ത വര്‍ഷം തുടക്കത്തില്‍ ചേതക്ക് വിപണിയിലെത്തുമ്പോള്‍ അറിയാം.

courtesy; auto car india, india car news

Content Highlights; bajaj chetak electric booking to open in january, electric chetak coming soon, electric chetak launch date, electric chetak features