പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ അവാന്‍ മോട്ടോഴ്‌സ് പുതിയ സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ സീറോ പ്ലസിന് 47,000 രൂപയാണ് വിപണി വില. 

AVAN XERO PLUS

ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കോടെ 800 വാട്സ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ ഒരു ബാറ്ററിയെ മാത്രം ആശ്രയിച്ച് 60 കിലോമീറ്റര്‍ ദൂരവും രണ്ടുംകൂടി ചേര്‍ന്ന് 110 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ സാധിക്കും. നാല്-ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. അവശ്യാനുസരണം എടുത്തുമാറ്റാന്‍ സാധിക്കുന്ന ബാറ്ററിക്ക് 8 കിലോഗ്രാം വീതമാണ് ഭാരം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് സീറോ പ്ലസിന്റെ പരമാവധി വേഗത. 

1800 എംഎം നീളവും 680 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്. അധിക സ്റ്റോറേജ് സ്‌പേസിനായി പിന്നില്‍ 15.2 ലിറ്ററിന്റെ ടോപ് ബോക്‌സ് നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. സുഖകരമായ യാത്ര പ്രദാനം ചെയ്യാന്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ സ്പ്രിങ്ങുമാണ് സസ്‌പെന്‍ഷന്‍. 62 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം (ബാറ്ററി ഉള്‍പ്പെടാതെ). പരമാവധി ഭാരശേഷി 150 കിലോഗ്രാം. റെഡ്, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ അവാന്‍ സീറോ പ്ലസ് ലഭ്യമാകും. 

Content Highlights; Avan Xero Plus electric scooter launched in india