ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി പുറത്തിറക്കുന്ന S340 ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിങ് 2018 ജൂണ്‍ മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ബുക്കിങ് സാധ്യമാകുക. മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലെ ബുക്കിങ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും. വാണിജ്യാവശ്യത്തിനുള്ള S340-യുടെ നിര്‍മാണം ജൂലായില്‍ ആരംഭിക്കുമെന്ന് ആതര്‍ എനര്‍ജി സ്ഥാപകരിലൊരാളും സി.ഇ.ഒ.യുമായ തരുണ്‍ മേത്ത പറഞ്ഞു. 

Ather S340 Electric Scooter

കണ്‍സെപ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് S340 വിപണിയിലേക്കെത്തുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് S340 പ്രോട്ടോടൈപ്പില്‍ നല്‍കിയിരുന്നത്. മണിക്കൂറില്‍ 72 കിലോമീറ്ററാണ് പരമാവധി വേഗം. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 50000 കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്ന കാലാവധി. പ്രൊഡക്ഷന്‍ സ്‌പെക്ക് ഇതിലും മിടുക്കനാകാനും സാധ്യതയുണ്ട്.

രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍ നിന്ന് അല്‍പം മോഡേണാണ് ആതറിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. ആന്‍ഡ്രോയിഡ്‌ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ചസ്‌ക്രീന്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റ്‌സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്‌സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവ സ്‌കൂട്ടറിലുണ്ടാകും. വരും വര്‍ഷങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ് എന്നീ കമ്പനികളും ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് സജീവമാകുന്നതോടെ ഈ ശ്രേണിയില്‍ മത്സരം വര്‍ധിക്കും. 

Ather S340 Electric Scooter

Content Highlights; Ather S340 Electric Scooter Pre-Bookings To Open By June