ന്ത്യയിലെ ആദ്യ ഇന്റലിജെന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഏഥറിന്റെ ചാര്‍ജിങ്ങ് കണക്ടര്‍ മറ്റ് കമ്പനികള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതി. ഇതുവഴി ഏഥറിന്റെ അതിവേഗ ചാര്‍ജിങ്ങ് സംവിധാനം മറ്റ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഏഥര്‍ അറിയിച്ചിട്ടുള്ളത്. 

ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏഥറിന് ഇന്ത്യയില്‍ ഉടനീളമുള്ള 200-ല്‍ അധികം അതിവേഗ ചാര്‍ജിങ്ങ് സംവിധാനം മറ്റ് സ്‌കൂട്ടറുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാന ആശങ്കയാണ് അതിവേഗ ചാര്‍ജിങ്ങ് സംവിധാനം. പൊതുവായി എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ എന്ന ആശയം ഈ മേഖലയ്ക്ക് കരുത്തേകും. 

ഏഥറിന്റെ ചാര്‍ജിങ്ങ് കണക്ടര്‍ മറ്റ് കമ്പനികള്‍ക്കും പങ്കുവയ്ക്കുന്നത് വലയ ഒരു ചുവടുവയ്പ്പായാണ് കാണുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി പല കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും ഏഥര്‍ എനര്‍ജി സഹസ്ഥാപനകനും സി.ഇ.ഒയുമായ തരുണ്‍ മേത്ത അറിയിച്ചു. ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വിവിധ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ചാര്‍ജര്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ അതിവേഗ ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാന്‍ ഏഥര്‍ ഗ്രിഡ് സ്ഥാപിക്കുന്നതിനായി ഏഥര്‍ എനര്‍ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ചാര്‍ജിങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എ.സി, ഡി.സി. ചാര്‍ജിങ്ങുകള്‍ ഒരേ കണക്ടര്‍ കൊണ്ട് സാധ്യമാകുന്ന രീതിയിലാണ് ഏഥറിന്റെ കണക്ടര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതികളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രധാന പരിഗണന പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വേണമെന്നതാണ്. ഇതിനായാണ് ഏഥര്‍ ശ്രമിക്കുന്നതെന്നാണ് തരുണ്‍ മേത്ത അറിയിച്ചിരിക്കുന്നത്. എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഇണങ്ങുന്ന ഇലക്ട്രിക് ചാര്‍ജര്‍ എന്നത് ഈ ശ്രമത്തിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: Ather Energy announced that the company will offer its proprietary  charging connector to other OEMs