ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതറിന്റെ ഇലക്ട്രിക് സ്‌കൂട്ടുറുകള്‍ക്ക് ഇന്ത്യയില്‍ 9000 രൂപ വരെ വില കുറഞ്ഞു. പെട്രോള്‍-ഡീസല്‍ വാഹന ബദലായി പുതിയ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹന ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതോടെയാണ് ഇവയുടെ വില കുറഞ്ഞത്. ഇന്ന് മുതലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നത്.
ആതര്‍ 340, ആതര്‍ 450 എന്നീ രണ്ട് മോഡലുകളാണ് ആതര്‍ നിരയിലുള്ളത്. പുതുക്കിയ വില പ്രകാരം ആതര്‍ 340ക്ക് ബെംഗളൂരുവില്‍ 1.02 ലക്ഷം രൂപയും ആതര്‍ 450ക്ക് 1.13 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫെയിം സബ്‌സിഡി അടക്കമാണിത്. ചെന്നൈയില്‍ ആതര്‍ 340ക്ക് 1.10 ലക്ഷവും ആതര്‍ 450ക്ക് 1.22 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില.
നിലവില്‍ ബെംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് ആതര്‍ സ്‌കൂട്ടറുകള്‍ ലഭ്യമായിട്ടുള്ളത്. വൈകാതെ ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, മുംബൈ, പുണെ തുടങ്ങിയ മുപ്പതോളം സിറ്റികളിലേക്കും അതര്‍ വില്‍പനയ്‌ക്കെത്തും.
ആതര്‍ 340-യില്‍ 1.92 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ പവര്‍ നല്‍കുക. പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ആതര്‍ 450-യിലെ 2.4 kWh ലിഥിയം അയോണ്‍ ബാറ്ററി. 'ആതര്‍ 340' മണിക്കൂറില്‍ 70 കിലോമീറ്റര്‍ സ്പീഡിലും 'ആതര്‍ 450' മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. 5.1 സെക്കന്‍ഡില്‍ 340 മോഡല്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം 450-ക്ക് ഈ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് മതി. 340യില്‍ ഒറ്റചാര്‍ജില്‍ 45-60 കിലോമീറ്ററും 450-യില്‍ 55-75 കിലോമീറ്റര്‍ ദൂരവും പിന്നിടാം. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കും.
Content Highlights; Ather electric scooter prices reduced after GST rate cut, Ather electric scooter price cut, new gst rate for electric vehicles