പെട്രോളിന്റെ വില നിലവിടുമ്പോള്‍ വൈദ്യുതിതന്നെ വേണമെന്ന അവസ്ഥയിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് ഇന്ന് പഞ്ഞമില്ല. സ്റ്റാര്‍ട്ട് അപ്പുകളുടെ നീണ്ട നിരതന്നെ കുഞ്ഞു വൈദ്യുത സ്‌കൂട്ടറുകള്‍ പ്രതിദിനമെന്ന പോലെ പുറത്തിറക്കുന്നുണ്ട്. അതില്‍ സൂപ്പര്‍ബൈക്കുകള്‍ വരെ വരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള ഒരു ചെറിയ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിവച്ച, ഇപ്പോള്‍ വന്‍കിടക്കാര്‍ വരെ സാങ്കേതികവിദ്യയ്ക്കായി കാത്തുനില്‍ക്കുന്ന 'ഏഥര്‍' എന്ന സ്‌കൂട്ടറിനെക്കുറിച്ചാണ് ഇത്തവണത്തെ സംസാരം.

കഥ ഇങ്ങനെ...

2013-ലാണ് ബെംഗളൂരുവില്‍ തരുണ്‍ മെഹ്ത, സ്വപാനില്‍ ജെയിന്‍ എന്നിവര്‍ ഒരു സ്റ്റാര്‍ട്ട് അപ്പായി 'ഏഥര്‍' എനര്‍ജി തുടങ്ങിയത്. ഇപ്പോള്‍ വന്‍കിട ഇരുചക്രവാഹന കമ്പനിവരെ 'ഏഥറി'ല്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഇപ്പോള്‍ 'ഏഥറി'ന്റെ നിര്‍മാണ യൂണിറ്റ്. രണ്ടു മോഡലുകളാണ് 'ഏഥറി'ന്റേതായി ഇറങ്ങിയത്. 450 എക്‌സും 450 പ്ലസും. ഇന്ന് നമ്മള്‍ സംസാരിക്കുന്നത് '450 എക്‌സി'നെക്കുറിച്ചാണ്.

450 എക്‌സ് എന്ന സുന്ദരന്‍

ഒരു പെട്രോള്‍ സ്‌കൂട്ടറിന്റെ രൂപഭാവങ്ങളൊക്കെയുണ്ട് 450 എക്‌സിന്. മുന്നിലും വശങ്ങളിലും പിന്നിലുമെല്ലാം സ്‌പോര്‍ട്ടി ലുക്കും ആവോളം. ഇറ്റാലിയന്‍ സൗന്ദര്യം തോന്നും മുന്‍ഭാഗം നോക്കിയാല്‍. അതിന് പ്രധാന കാരണം മുന്നിലെ ഫ്രെയിമും കൂര്‍ത്ത ചെറിയ മഡ്ഗാര്‍ഡുമാണ്. മുന്നില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊന്ന്, വലിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പാണ്. പിന്നിലെ എല്‍.ഇ.ഡി. ലൈറ്റും ആകര്‍ഷകമായിട്ടുണ്ട്.

Ather 450X
ഏഥര്‍ 450X  | Photo: Ather Energy

ഈ ആകര്‍ഷണങ്ങള്‍ക്ക് പുറമേ സാങ്കേതികത്തികവുകൊണ്ടും 'ഏഥര്‍' മറ്റു വൈദ്യുത സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്ഥമാകുന്നു. ഏഴിഞ്ച് എല്‍.സി.ഡി. ഡിസ്പ്ലേയാണ് എല്ലാം തികഞ്ഞ കണ്‍സോള്‍. മൊബൈല്‍ ഫോണുമായി ബ്ലൂടൂത്ത് വഴി ബന്ധപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടിത് നിങ്ങളുടെ മൊബൈല്‍ ഫോണായി മാറും. നാവിഗേഷന്‍, ഫോണ്‍കോള്‍സ്, സംഗീതം, അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയെല്ലാം തന്നെ ഈ കണ്‍സോളില്‍ അറിയാം.

കരുത്തിലും പിറകിലല്ല ഇവന്‍

പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗമെടുക്കാന്‍ 3.3 സെക്കന്‍ഡ് മതി. പൂര്‍ണമായും കരുത്തുറ്റ ഷെല്ലാണിത്. ആറ് കിലോവാട്ട് മോട്ടോര്‍ 26 എന്‍.എം. ടോര്‍ക്കാണ് നല്‍കുക. 60 ലക്ഷം കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള 21,700 ലിഥിയം അയോണ്‍ സെല്ലുകള്‍ ഒതുക്കിവച്ചിരിക്കുന്ന ബാറ്ററി പാക്ക് നമ്മുടെ കാലിന്റെ അടിയില്‍ത്തന്നെ സുരക്ഷിതമായി പാക്ക് ചെയ്ത് വച്ചിട്ടുണ്ട്. ചെറിയ വെള്ളപ്പൊക്കമൊന്നും കാര്യമായി ബാധിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. മൂന്നുവര്‍ഷം വാറന്റിയും ബാറ്ററിക്ക് നല്‍കുന്നുണ്ട്.

Ather Energy
ഏഥര്‍ 450X  | Photo: Ather Energy

നാലു മോഡുകളിലാണ് വാഹനത്തിന്റെ ഓട്ടം. ഇതില്‍ എക്കോ മോഡാണ് ഏറ്റവുമധികം മൈലേജ് തരുന്നത്. ഒറ്റചാര്‍ജില്‍ 116 കിലോമീറ്ററാണ് കമ്പനിയുടെ വാഗ്ദാനം. റൈഡ്, സ്‌പോര്‍ട്‌സ്, വാര്‍പ്പ് എന്നിവയാണ് മറ്റു മോഡുകള്‍. ഇതില്‍ വാര്‍പ്പ് മോഡിലാണ് ഉയര്‍ന്ന ടോര്‍ക്ക് ലഭിക്കുന്നത്. ഇതിലോടുമ്പോള്‍ റേഞ്ച് കുറയുമെന്നത് സ്വാഭാവികം. ബൈക്കുകളില്‍ കണ്ടിരുന്ന മോണോഷോക്ക് സസ്‌പെന്‍ഷന്‍ ആദ്യമായി വൈദ്യുത സ്‌കൂട്ടറുകളിലേക്ക് ഏഥറിലൂടെ എത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സുരക്ഷയ്ക്ക് കരുത്തേകുന്നു.

പാര്‍ക്കിങ് സുഗമമാക്കാന്‍ റിവേഴ്‌സ് ഗിയറുമുണ്ട്. വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. മൂന്ന് മണിക്കൂര്‍ മുപ്പത്തഞ്ച് മിനുട്ടുകൊണ്ട് 80 ശതമാനം ചാര്‍ജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുകൂടാതെ ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം. 10 മിനുട്ട് ഇവിടെ നിന്ന് ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ ഓടാം. വാഹനത്തിന്റെ ആരോഗ്യവും സുരക്ഷയും നിരീക്ഷിക്കാന്‍ ഏഥറിന്റെ ആപ്പുമുണ്ട്.

Content Highlights: Ather Electric Scooter, Eather 450X E-Scooter, High Power Electric Scooter