മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിര്‍മിത ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലെത്തി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ ഈ വര്‍ഷം ജൂണില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യഘട്ട വിതരണം ബെംഗളൂരുവില്‍ നടന്നു. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറാണ് കൈമാറിയത്. ആതര്‍ 340 മോഡലും ആതര്‍ എനര്‍ജി നിരയിലുണ്ട്. 

Ather 450
ആദ്യ ആതര്‍ 450 മോഡല്‍ ഉപഭോക്താവിന് കൈമാറുന്നു. Photo Courtesy; News Minute

ഉപഭോക്താക്കളുടെ വീടുകളില്‍ ചാര്‍ജ് ചെയ്യാനാവശ്യമായ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും കമ്പനി സ്ഥാപിച്ചു നല്‍കും. ഇതിന് പുറമേ ബെംഗളൂരുവിലെ വിവിധ ഇടങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ആതര്‍ 340 മോഡലിന് 1.10 ലക്ഷം രൂപയും ആതര്‍ 450-ക്ക് 1.25 ലക്ഷം രൂപയുമാണ് ബെംഗളൂരുവിലെ ഓണ്‍ റോഡ് വില. അതേസമയം ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഇ-സ്‌കൂട്ടര്‍ ലഭ്യമാകുക. രണ്ടാം ഘട്ടത്തില്‍ ചെന്നൈ, പുണെ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേക്കും ആതര്‍ എത്തും. 

രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍ നിന്ന് അല്‍പം മോഡേണാണ് ആതര്‍. 340, 450 മോഡലുകള്‍ തമ്മില്‍ രൂപത്തില്‍ യാതൊരു വ്യത്യാസവുമില്ല. ബാറ്ററി ഫീച്ചേഴ്സില്‍ മാത്രമാണ് മാറ്റം. ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ, എല്‍ഇഡി ലൈറ്റ്സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, റിവേഴ്‌സ് മോഡോടുകൂടിയ പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 12 ഇഞ്ചാണ് അലോയി വീല്‍. ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് സീറ്റിനടിയിലുണ്ട്.

Ather

ആതര്‍ 340-യില്‍ 1.92 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ പവര്‍ നല്‍കുക. പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ആതര്‍ 450-യിലെ 2.4 kWh ലിഥിയം അയോണ്‍ ബാറ്ററി. 'ആതര്‍ 340' മണിക്കൂറില്‍ 70 കിലോമീറ്റര്‍ സ്പീഡിലും 'ആതര്‍ 450' മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ പിന്നിടാന്‍ 450-ക്ക് സാധിക്കും. 5.1 സെക്കന്‍ഡില്‍ 340 മോഡല്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം 450-ക്ക് ഈ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് മതി. 

ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. രണ്ട് മോഡലുകളിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നില്‍ 200 എംഎം ഡിസ്‌കും പിന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക.

Ather

Content Highlights; Ather electric scooter delivered to first owners in Bangalore