ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ആതര്‍ 340 ജൂണ്‍ അഞ്ചിന് പുറത്തിറക്കും. കണ്‍സെപ്റ്റ് പ്രോട്ടോടൈപ്പായ ആതര്‍ S340 അവതരിപ്പിച്ച് നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആതര്‍ 340 വിപണിയിലേക്കെത്തുന്നത്. രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍ നിന്ന് അല്‍പം മോഡേണാണ് ആതറിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍.

Ather 340 Electric Scooter

ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലാണ് ആതര്‍ 340 വില്‍പ്പനയ്‌ക്കെത്തുക. 1-1.1 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വാഹനത്തിന്റെ വിപണി വില എന്നാണ് സൂചന. ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റ്സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന 2.2. kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ആതര്‍ 340 സ്‌കൂട്ടറിനെ നയിക്കുക. 

അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 50000 കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്ന കാലാവധി. മണിക്കൂറില്‍ 72 കിലോമീറ്ററാണ് പരമാവധി വേഗം. 5.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ആതര്‍ 340- ക്ക്‌ സാധിക്കും. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍. സുരക്ഷാ ചുമതല വഹിക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും നല്‍കും.

Ather 340 Electric Scooter

Content Highlights; Ather 340 Electric Scooter India Launch On June 5, 2018