ന്ത്യയിലെ ആദ്യ മാക്‌സി സ്‌കൂട്ടറായി എത്തിയ അപ്രീലിയ SXR 160-യുടെ കരുത്ത് കുറഞ്ഞ മോഡല്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. SXR 125- എന്ന പേരില്‍ എത്തിയിട്ടുള്ള ഈ സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിന്റെ അവതരണത്തിന് മുന്നോടിയായി കഴിഞ്ഞ മാസം തന്നെ ഈ സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു.

കരുത്തനായി മാക്‌സി സ്‌കൂട്ടര്‍ SXR 160-യുടെ ഡിസൈനില്‍ തന്നെയാണ് കരുത്ത് കുറഞ്ഞ ഈ മോഡലും ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യയിലെ സ്‌കൂട്ടറുകളില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന 125 സി.സി. ശ്രേണിയിലാണ്. ഈ നിരയിലേക്ക് മികച്ച സ്‌റ്റൈലിലും കരുത്തിലും കൂടുതല്‍ ഇന്ധന ക്ഷമതയിലും ഒരു സ്‌കൂട്ടര്‍ എത്തിക്കാന്‍ സാധിച്ചത് കൂടുതല്‍ മത്സരം യോഗ്യമാക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

അപ്രീലിയ SXR 160-ക്ക് സമാനമായ ഡിസൈനിലാണ് SXR 125-ഉം ഒരുങ്ങിയിട്ടുള്ളത്. മുന്നിലെ വലിയ വൈസറും ഏപ്രണും SXR 160-യെ ഓര്‍മപ്പെടുത്തുന്നതാണ്. ആഗോള ഡിസൈന്‍ ശൈലിയാണ് രണ്ട് മോഡലിലുമുള്ളത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍ എന്നിവ ഈ വാഹനത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. അപ്രീലിയ RS660-ലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് ഇതിലുള്ളത്.

ബ്ലൂ ടൂത്ത് മൊബൈല്‍ കണക്ടിവിറ്റി, മൈലേജ് ഇന്റിക്കേറ്റര്‍ എന്നിവ നല്‍കിയിട്ടുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയരത്തിലുള്ള ഹാന്‍ഡില്‍ ബാര്‍, അപ്രീലിയ ഗ്രാഫിക്സുകള്‍, സ്പ്ലിറ്റി ഗ്ലോവ് ബോക്സ്, യു.എസ്.ബി. ചാര്‍ജര്‍ എന്നിവയും ഈ സ്‌കൂട്ടറിലുണ്ട്. മാറ്റ് ബ്ലൂ, ഗ്ലോസി റെഡ്, മാറ്റ് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്.

125 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അപ്രീലിയ SXR125-ന്റെ ഹൃദയം. 9.4 ബി.എച്ച്.പി. പവറും 9.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതിലുള്ളത്. ഡിസ്‌ക് ബ്രേക്കിനൊപ്പം കോംമ്പി ബ്രേക്ക് സംവിധാനവും സുരക്ഷയൊരുക്കും.

Content Highlights: Aprilia SXR 125 Scooter Launched In India