ബൈക്കിന്റെ രൂപവും സ്‌കൂട്ടറിന്റെ സവിശേഷതകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട വിപണിയില്‍ എത്തിച്ച സ്‌കൂട്ടറായിരുന്നു നവി. കാഴ്ചയില്‍ ഏറെ കുഞ്ഞനായിരുന്നെങ്കിലും 110 സി.സി. എന്‍ജിന്റെ കരുത്തുമായാണ് ഈ സ്‌കൂട്ടര്‍ എത്തിയിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ പ്രതീക്ഷിച്ച വിജയം കാണാന്‍ കഴിയാതിരുന്നതിനാല്‍ 2020 മാര്‍ച്ച് മാസത്തോടെ ഈ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള ഈ മടക്കം ഒരു അവസാനമായിരുന്നില്ലെന്ന് തെളിയിക്കുകയാണ് ഹോണ്ട. ഇന്ത്യയെക്കാള്‍ വലിയ വാഹന വിപണിയായ അമേരിക്കയിലേക്കാണ് നവി അവതരിപ്പിക്കാനൊരുങ്ങുന്നത്. 2022 ജനുവരിയില്‍ തന്നെ ഈ വാഹനം അമേരിക്കന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. ഫെബ്രുവരിയില്‍ കാലിഫോര്‍ണിയയിലും എത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. മിനിമോട്ടോ എന്ന സ്‌കൂട്ടര്‍ ശ്രേണിയിലേക്കാണ് ഹോണ്ട നവിയെ എത്തിക്കാനൊരുങ്ങുന്നത്. 

ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ വാഹനമായിരിക്കും ഇതെന്നാണ് നിര്‍മാതാക്കളുടെ വാദം. അതുകൊണ്ടുതന്നെ ഈ വാഹനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ക്ലെച്ച്, ഗിയര്‍ തുടങ്ങിയവ ഇല്ലാത്തതും തിരക്കുള്ള പ്രദേശങ്ങളില്‍ അനായാസ പാര്‍ക്കിങ്ങ് സാധ്യമാകുന്നതും ഈ വാഹനം തിരഞ്ഞെടുക്കാനുള്ള കാരണമായി നിര്‍മാതാക്കള്‍ പറയുന്നു. 1807 ഡോളര്‍(1.34 ലക്ഷം രൂപ) ആയിരിക്കും ഇതിന്റെ വില.

Honda Navi

110 സി.സി. പെട്രോള്‍ എന്‍ജിനിലാണ് ഹോണ്ട നവി ഇന്ത്യയില്‍ എത്തിയിരുന്നത്. ഈ എന്‍ജിന്‍ 109.19 സി.സി. എട്ട് ബി.എച്ച്.പി. പവറും ഒമ്പത് എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ വി-മാറ്റിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 765 എം.എം. സീറ്റ് ഹൈറ്റും 156 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. 99 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. നവിയുടെ ഇന്ത്യന്‍ പതിപ്പ് 45 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്.

ഇരുചക്ര വാഹനങ്ങളിലേക്ക് പുതുതായി എത്തുന്ന റൈഡര്‍മാര്‍ക്കായി മിനിമോട്ടോ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ ഹോണ്ടയ്ക്ക് വലിയ പാരമ്പര്യമുണ്ട്. ഇതിലേക്കാണ് നവി എന്ന മോഡല്‍ കൂടി എത്തുന്നത്. ലളിതമായ പ്രവര്‍ത്തനം ആകര്‍ഷകമായ ഡിസൈനിങ്ങ്, കുറഞ്ഞ ചെലവ് തുടങ്ങിവയാണ് ഹോണ്ട നവി ഉറപ്പുനല്‍കുന്നത്. ഇത് 2000 ഡോളറില്‍ താഴെ വിലയിലും ലഭ്യമാക്കുമെന്ന് അമേരിക്കന്‍ ഹോണ്ട സ്‌പോര്‍ട്‌സ് & എക്‌സ്പീരിയന്‍ഷ്യല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു.

Content Highlights: American Honda confirmed today that the Navi miniMOTO will be offered in the U.S. market for the 202