ഗ്രീവ്‌സ് കോട്ടന്‍ ആംപിയര്‍ ബ്രാന്‍ഡിന് കീഴില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 'സീല്‍' പുറത്തിറക്കി. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് സീലിന്റെ വില്‍പന. ഈ ഇളവുകള്‍ക്ക് ശേഷം 66,950 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വേഗത കുറഞ്ഞ ഇലക്ട്രിക്‌ സ്‌കൂട്ടറുകളിലായിരുന്നു കമ്പനി നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹൈ സ്പീഡ് സ്‌കൂട്ടറായാണ് ആംപിയര്‍ സീല്‍ വിപണിയിലേക്കെത്തുന്നത്‌. 

1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന്‌ ഊര്‍ജമേകുന്നത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും സാധിക്കും. അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. 

zeal

രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍. എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് എന്നിവ സീലിനെ വ്യത്യസ്തമാക്കും. ആന്റി തെഫ്റ്റ് അലാറവും വാഹനത്തിലുണ്ട്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ മുന്നിലും ഡ്രം ബ്രേക്കാണ്, സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനം) സംവിധാനവും വാഹനത്തിലുണ്ട്. എക്കണോമി, പവര്‍ എന്നീ രണ്ട് റൈഡിങ് മോഡുകളുണ്ട് സീലിന്. അഞ്ച് ഗ്ലോസ് മെറ്റാലിക് നിറങ്ങളിലായി ആംപിയര്‍ സീല്‍ തിരഞ്ഞെടുക്കാം. 

Content Highlights; Ampere Zeal, Zeal Electric Scooter, Greaves Cotton