രിസ്ഥിതി സൗഹൃദയാത്രയ്ക്ക് ഇ-വാഹനങ്ങളുടെ സന്ദേശകവാഹകനായി മലയാളി യുവാവ്. കൊച്ചി മരട് സ്വദേശി അലന്‍ സെബാസ്റ്റ്യന്‍ ഇ-സ്‌കൂട്ടറില്‍ നടത്തുന്ന ദേശസഞ്ചാരം ഡല്‍ഹിയിലെത്തി. സെപ്റ്റംബര്‍ 27-ന് കടവന്ത്രയില്‍നിന്നുപുറപ്പെട്ടതാണ് യാത്ര. രണ്ടുദിവസത്തെ ഡല്‍ഹി കറക്കത്തിനുശേഷം അലന്‍ ലഡാക്ക് ലക്ഷ്യമായി നീങ്ങും.

ഇ-വാഹനങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് അലന്റെ യാത്ര. ഇ-സ്‌കൂട്ടറുമായി ആരും ഇതുവരെ ഇന്ത്യായാത്ര നടത്തിയിട്ടില്ലെന്ന് അലന്‍ പറഞ്ഞു. ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ ഇ-സ്‌കൂട്ടറില്‍ യാത്ര നടത്താം. ഇതിനിടയില്‍ എവിടെയെങ്കിലും നിര്‍ത്തി സ്‌കൂട്ടറിലെ ബാറ്ററി ചാര്‍ജുചെയ്യും. 

വഴിയോരത്തു കാണുന്ന കടകളിലോ സ്ഥാപനങ്ങളിലോ സഹായം അഭ്യര്‍ഥിച്ചു ചെല്ലും. ഇ-വാഹനം പ്രചരിപ്പിക്കാനുള്ള സന്ദേശയാത്രയാണെന്നു മനസ്സിലായാല്‍ എല്ലാവരും സഹായിക്കും. പലയിടങ്ങളിലും പെട്രോള്‍ പമ്പുടമകളും സഹകരിച്ചതാണ് അലന്റെ അനുഭവം. വരുന്നവഴിയില്‍ വണ്ടിനിര്‍ത്തി പലരോടും സംസാരിച്ചു. ഇടയ്ക്കുവെച്ച് നാഗ്പുര്‍ വനമേഖലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു. 

ഒരു വഴിയാത്രക്കാരന്‍ സ്വന്തം വാഹനത്തില്‍ ഇ-സ്‌കൂട്ടര്‍ കയറില്‍ കെട്ടി ചാര്‍ജുള്ള സ്ഥലത്തെത്തിക്കാന്‍ സഹായിച്ചതും മറക്കാനാവാത്ത അനുഭവമായി. യാത്രയുടെ സന്ദേശവും ലക്ഷ്യവും ഇ-സ്‌കൂട്ടറില്‍ തന്നെ അലന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ബ്ലോഗര്‍ കൂടിയായ ഈ ചെറുപ്പക്കാരന്‍ വഴിയാത്രയിലെ അനുഭവങ്ങളും കാഴ്ചകളും യു-ട്യൂബിലൂടെയും ഫെയ്സ്ബുക്ക് വഴിയും ദിവസവും പങ്കുവെക്കുന്നുമുണ്ട്.

ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് അലന്‍ പറഞ്ഞു. ഹൈവേകളിലും സംസ്ഥാന പാതകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലേ ആളുകള്‍ കൂടുതലായി ഇ-വാഹനങ്ങള്‍ ആശ്രയിക്കൂ. പരിസ്ഥിതിസൗഹൃദമാണ് ഇ-വാഹനങ്ങള്‍. സമൂഹത്തിലെ ഭാവിസഞ്ചാരമാര്‍ഗമാണ് ഇ-വാഹനങ്ങളെന്നാണ് അലന്റെ പക്ഷം.

Content Highlights: All India Trip In Electric Scooter, E-Scooter, Kerala To Delhi Trip In Electric Scooter