രമ്പരാഗത ഡിസൈന്‍ ശൈലി പൊളിച്ചെഴുതി നിരവധി പുതിയ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് നിരത്തുകളില്‍ എത്തുന്നത്. ഹിമാലയന്‍, മെറ്റിയോര്‍ 350, പുതിയ ക്ലാസിക് തുടങ്ങിയവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ഈ നിരയുടെ തുടര്‍ച്ചയെന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പും വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. സ്‌ക്രാം 411 എന്ന പേരിലായിരിക്കും ഈ ബൈക്ക് എത്തുക.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ബജറ്റ് ബൈക്ക് മോഡലായിരിക്കും സ്‌ക്രാം 411 എന്നാണ് വിവരം. പേര് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 2022 ഫെബ്രുവരിയില്‍ ഈ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ഹിമാലയന്‍ എന്ന മോഡല്‍ യഥാര്‍ഥ സാഹസിക ബൈക്ക് ആണെങ്കില്‍ ഇതിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ മോഡല്‍ റോഡുകള്‍ക്കും ഏറെ യോജിച്ച വാഹനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

ഹിമാലയന്‍ അഡ്വഞ്ചര്‍ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈന്‍ മാറ്റങ്ങള്‍ ഈ ബൈക്കില്‍ പ്രതീക്ഷിക്കാം. ഹിമാലയനില്‍ നല്‍കിയിട്ടുള്ള വിന്‍ഡ് സ്‌ക്രീന്‍, ലഗേജ് റാക്ക്, 21 ഇഞ്ച് വീല്‍, എന്നിവ സ്‌ക്രാമില്‍ നല്‍കിയിട്ടില്ല. 18 ഇഞ്ച് വീല്‍ ആയിരിക്കും ഈ ബൈക്കിലുണ്ടാകുക. ഹിമാലയന്‍ മോഡലിന് സ്‌പോര്‍ട്ടി ഭാവം നല്‍കിയിരുന്ന ഉയര്‍ന്ന ഫെന്‍ഡര്‍ പുതിയ മോഡലില്‍ നല്‍കാത്തതും ഈ ബൈക്കിലെ മാറ്റമാണ്.

പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, രൂപമാറ്റം വരുത്തിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍, വലിപ്പം കുറഞ്ഞ ഹാന്‍ഡില്‍ ബാര്‍, പുതുമയുള്ള ബാഡ്ജിങ്ങ്, സിംഗിള്‍ സീറ്റ്, ഗ്രാബ് റെയില്‍, ടെയ്ല്‍ലാമ്പ്, സാധാരണ ബൈക്കുകള്‍ക്ക് സമാനമായ ഫെന്‍ഡര്‍ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നല്‍കുന്നവയാണ്. എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം പ്രതീക്ഷിക്കാം. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഹിമാലയനില്‍ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയര്‍-ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹിമാലയനില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. അതേസമയം, ഹിമാലയന്റെ കരുത്തേറിയ പതിപ്പിന്റെ നിര്‍മാണത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നും സൂചനയുണ്ട്.

Source: HT Auto

Content Highlights: Affordable Version Of Himalayan; Royal Enfield Scram 411 to launch next year