ഇന്ത്യയിലെത്തുന്ന എല്ലാ വാഹനങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ പരിശോധന ഉടന്‍ നിര്‍ബന്ധമാക്കുന്നു. കൂടാതെ 125 സിസി എന്‍ജിന്‍ കരുത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും. 2019 ഏപ്രില്‍ ഒന്നിന് മുമ്പ് 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് ഉള്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ വാഹന നിര്‍മാണ കമ്പനികള്‍ക്കും നേരത്തെ നല്‍കിയിരുന്നു.
2018 ഏപ്രില്‍ ഒന്നിന് ശേഷം തന്നെ പുതുതായെത്തുന്ന മോഡലുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള മോഡലുകളുടെ പരിഷ്‌കൃത പതിപ്പുകള്‍ എബിഎസ് ഇല്ലാതെയും വിറ്റഴിച്ചു. ഇത്തരം മോഡലുകള്‍ എബിഎസിലേക്ക് മാറ്റാന്‍ ഇനി മൂന്ന് മാസം കൂടിയാണ് കമ്പനികള്‍ക്ക് മുന്നിലുള്ളത്. പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുന്‍നിര കമ്പനികളെല്ലാം സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് നിരത്തിലുള്ള പ്രധാന മോഡലുകളിലെല്ലാം എബിഎസ് പരിരക്ഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന മോഡലുകളില്‍ 2019 മാര്‍ച്ച് 31-ന് മുമ്പ് എബിഎസ് ഉള്‍പ്പെടുത്തണം.
എബിഎസ് സംവിധാനത്തിന്റെ ഗുണം
അടിയന്തര സാഹചര്യങ്ങളില്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ടയര്‍ ലോക്ക് ആവുന്നത് തടഞ്ഞ് ബാലന്‍സ് നല്‍കാന്‍ സാധിക്കുമെന്നതാണ് എബിഎസിന്റെ പ്രധാന മേന്മ.
Content Highlights; ABS compulsory from April 2019