-
കൊറോണ മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാര്യക്ഷമമായി ഉപയോഗിച്ച നിരവധി ആളുകള്‍ നമുക്കുചുറ്റുമുണ്ട്. ഇത്തരത്തില്‍ തന്റെ കഴിവ് ഉപയോഗിച്ച് ഒരു ബൈക്ക് രൂപകല്‍പ്പന ചെയ്ത ഒമ്പതാം ക്ലാസുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഹീറോ. തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജാണ് പഴയ വാഹനങ്ങളുടെ പാര്‍ട്‌സില്‍ നിന്ന് പുതിയ ബൈക്കിന് രൂപം നല്‍കിയ ഹര്‍ഷാദ് എന്ന വിദ്യാര്‍ഥിയുടെ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഹര്‍ഷാദിന്റെ പിതാവായ പള്ളുരുത്തി തൊണ്ടിപ്പറമ്പില്‍ ഹാഷിം വര്‍ക്ക്‌ഷോപ്പ് നടത്തുന്നയാളാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന വസ്തുകള്‍ ശേഖരിച്ചാണ് ഹര്‍ഷാദ് ബൈക്കിന്റെ പണിപ്പുരയിലേക്ക് കടന്നത്. വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ലഭിച്ച വസ്തുകള്‍ ഉപയോഗിച്ച് സൈക്കിള്‍ രൂപത്തിലുള്ള കുഞ്ഞന്‍ ബൈക്കിനാണ് ഈ വിദ്യാര്‍ഥി രൂപം നല്‍കിയത്.
ആദ്യ കാഴ്ചയില്‍ ഒരു സൈക്കിളിനോട് രൂപസാദൃശ്യം തോന്നുന്ന ബൈക്കാണിത്. സീറ്റിന്റെ ഭാഗവും ഹാന്‍ഡിലുമായി ബന്ധിപ്പിക്കുന്ന പൈപ്പാണ് ഇതിലെ പെട്രോള്‍ ടാങ്ക്. ഒരു ലിറ്ററാണ് ടാങ്കിന്റെ ശേഷി. ഒരു ലിറ്റര്‍ പെട്രോള്‍ 50 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഹര്‍ഷാദ് ഉറപ്പുനല്‍കുന്നത്. ബൈക്കുകളുടെ ടയറും, ഡിസ്‌ക് ബ്രേക്കും, എല്‍ഇഡി ലൈറ്റും, ബുള്ളറ്റിലും മറ്റും നല്‍കുന്ന ഹാന്‍ഡിലും നല്‍കിയാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് ജീവിതം നിശ്ചലമായ ദിനങ്ങളിലാണ് ഹര്‍ഷാദ് തന്റെ ലളിതസുന്ദരമായ വാഹനം നിര്‍മിച്ചത്. ഒമ്പതാം ക്ലാസുകാരനാണ് ഈ ബൈക്ക് നിര്‍മിച്ചതെന്നോര്‍ക്കണം. നമുക്കഭിമാനിക്കാം, ഇന്നത്തെ ക്ലാസ് മുറികളില്‍ ഹര്‍ഷാദുമാരുണ്ട്. അവര്‍ ഈ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി തീര്‍ക്കും തീര്‍ച്ച. എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ ചിത്രം പങ്കുവെച്ച് എം.സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Content Highlights: 9th Standard Student Make Bike From Vehicle Scrap During Lock Down Period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..