22 കിംകോ ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ മൂന്ന് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. ഐഫ്ലോ ഇലക്ട്രിക്, ലൈക്ക് 200, എക്‌സ്-ടൗണ്‍ 300ഐ എന്നീ മോഡലുകളാണ് 22 കിംകോയില്‍ നിന്ന് ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം സെപ്തംബറോടെ മൂന്ന് മോഡലുകളും വിപണിയിലെത്തും. ഇന്ത്യയിലെ ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 22 മോട്ടോഴ്‌സും തായ്‌വാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിംകോയും ചേര്‍ന്നാണ് 22 കിംകോ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. 

ഇലക്ട്രിക് മോഡലായ ഐഫ്ലോയ്ക്ക് 90,000 രൂപയും റെട്രോ മോഡല്‍ ലൈക്ക് 200 ന് 1.30 ലക്ഷം രൂപയും മാക്‌സി സ്‌കൂട്ടറായ എക്‌സ്-ടൗണ്‍ 300ഐക്ക് 2.30 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് സിറ്റികളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് ആരംഭിക്കും. എല്ലായിടത്തും ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകളും കമ്പനി സ്ഥാപിക്കും. ഹരിയാനയിലെ ബിവാഡിയിലാണ് 22 കിംകോയുടെ നിര്‍മാണ കേന്ദ്രം. വര്‍ഷംതോറും രണ്ട് ലക്ഷം യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. 

22 KYMCO

എടുത്തുമാറ്റാവുന്ന രണ്ട് ബാറ്ററി പാക്ക് ചേര്‍ന്നതാണ് ഇലക്ട്രിക് ഐഫ്‌ളോയുടെ ഹൃദയം. രണ്ട് ബാറ്ററിയും കൂടി ചേര്‍ന്ന് ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരം പിന്നിടും. നാല്-അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ച് മണിക്കൂറില്‍ ബാറ്ററി 70 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 276 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മാക്‌സി സ്‌കൂട്ടര്‍ എക്‌സ്-ടൗണ്‍ 300ഐക്ക് കരുത്തേകുന്നത്. 24.47 പിഎസ് പവറും 25 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 181 കിലോഗ്രാം ഭാരമുള്ള മാസീവ് സ്‌കൂട്ടറാണിത്. മൂന്നാമത്തെ മോഡലായ റെട്രോ സ്‌റ്റൈല്‍ ലൈക്ക് 200 ല്‍ 163 സിസി എന്‍ജിനാണുള്ളത്. 11.40 എച്ച്പി കരുത്തേകുന്നതാണ് ഈ എന്‍ജിന്‍. 

Content Highlights; 22 Kymco, 22 kymco flow, 22 kymco like, 22 kymco X-Town 300i