റ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ബെനെലിയുടെ മിഡ് റേഞ്ച് അഡ്വഞ്ചര്‍ ബൈക്കായ TRK 502 X-ന്റെ 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബി.എസ്-6 എന്‍ജിനിലെത്തിയിട്ടുള്ള ഈ ബൈക്കിന് 5.19 ലക്ഷം രൂപ മുതല്‍ 5.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇത് ലോഞ്ചിനോട് അനുബന്ധിച്ചുള്ള പ്രത്യേക വിലയാണെന്നാണ് സൂചന. ബി.എസ്.4 മോഡലിനെക്കാള്‍ 31000 രൂപ വില കുറച്ചാണ് ബി.എസ്-6 മോഡല്‍ എത്തിയിട്ടുള്ളതെന്നതാണ് TRK 502 X-ന്റെ ഈ വരവിലെ പ്രധാന പ്രത്യേകത.

മുന്‍ മോഡലുകളില്‍ നിന്ന് രൂപത്തില്‍ കാര്യമായ മാറ്റമില്ലാതെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍, അലുമിനിയം-ഫ്രെയിം നോക്കിള്‍ ഗാര്‍ഡ്‌സ്, രൂപമാറ്റം വരുത്തിയിട്ടുള്ള മിറര്‍, പുതിയ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പ് എന്നിവയിലാണ് പ്രധാനമായും പുതുമ വരുത്തിയിട്ടുള്ളത്. പുതിയ ലേഔട്ടിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഇതില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓറഞ്ച് എല്‍.സി.ഡിയും ബാക്ക്‌ലിറ്റ് അനലോഗ് ടാക്കോമീറ്ററും TRK 502 X-ല്‍ നല്‍കിയിട്ടുണ്ട്.

മുന്നില്‍ 19 ഇഞ്ച് വലിപ്പവും പിന്നില്‍ 17 ഇഞ്ച് വലിപ്പവുമുള്ള ടയറുകളാണ് ഈ സാഹസിക ബൈക്കില്‍ കൊടുത്തിയിട്ടുള്ളത്. ഏത് പ്രതലത്തിലും അനായാസ യാത്ര ഉറപ്പാക്കാന്‍ 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും ഒരുക്കിയിട്ടുണ്ട്. 20 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. വലിയ വിന്‍ഡ് സ്‌ക്രീനാണ് TRK 502 X-ലെ മറ്റൊരു ഹൈലൈറ്റാണ്. അഡ്വഞ്ചര്‍ ബൈക്കിന്റെ ഭാവങ്ങള്‍ നല്‍കുന്നതിനായി പിന്നില്‍ കാസ്റ്റ് അലുമിനിയം ബോക്‌സ് ബ്രാക്കറ്റും ഒരുക്കിയിരിക്കുന്നു.

ബി.എസ്-6 നിലവാരത്തിലുള്ള 499 സി.സി. പാരാലല്‍-ട്വിന്‍ എന്‍ജിനാണ് TRK 502 X-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 46.8 ബി.എച്ച്.പി. പവറും 46 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 320 എം.എം. ഡ്യുവല്‍ ഡിസ്‌ക്കും പിന്നില്‍ 260 എം.എം. സിംഗിള്‍ ഡിസ്‌കുമാണ് സുരക്ഷ ഉറപ്പാക്കുന്നത്. 2220 എം.എം. നീളത്തിലും 1480 എം.എം. ഉയരത്തിലുമാണ് TRK 502 X ഒരുങ്ങിയിട്ടുള്ളത്. 

അവതരണത്തിന് പിന്നാലെ തന്നെ TRK 502 X അഡ്വഞ്ചര്‍ ബൈക്കിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി ബെനെലി അറിയിച്ചു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ ബൈക്കിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് കിലോമീറ്റര്‍ പരിധി ഇല്ലാതെ വാറിന്റിയാണ് TRK 502 X-ന് നല്‍കുന്നത്. സുസുക്കി വി-സ്‌റ്റോം 65- XT, കവാസാക്കി വെര്‍സിസ് 650, ഹോണ്ട സി.ബി.500 X എന്നീ മോഡലുകളാണ് TRK 502 X-ന്റെ എതിരാളികള്‍.

Content Highlighst: 2021 Model Benelli TRK 502 X Adventure Bike Launched With BS6 Engine