ന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ ഏറ്റവും പോപ്പുലര്‍ സീരീസായ പള്‍സറിന്റെ 220 മോഡല്‍ പുത്തന്‍ വര്‍ണങ്ങളില്‍ ഒരുങ്ങുന്നു. മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ബോള്‍ഡ് ആയിട്ടുള്ള ഗ്രാഫിക്‌സും നല്‍കിയാണ് പുത്തന്‍ വര്‍ണങ്ങളിലുള്ള പള്‍സര്‍ 220 എഫ് വിപണിയില്‍ എത്തിയിട്ടുള്ളത്. പുതിയ നിറങ്ങള്‍ക്കൊപ്പം ബോഡി ഡിസൈനിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ 220 എഫ് എത്തിയിട്ടുള്ളതെന്നാണ് സൂചന.

പുതിയ നിറത്തിനൊപ്പം നല്‍കിയിട്ടുള്ള ഗ്രാഫിക്‌സ് പെട്രോള്‍ ടാങ്കിലെ വലിയ ഭാഗത്തേയും കവര്‍ ചെയ്യുന്നുണ്ട്. ടാങ്കില്‍ നല്‍കിയിട്ടുള്ള ഗ്രാഫിക്‌സിന്റെ തുടര്‍ച്ച ഹെഡ്‌ലൈറ്റ് കൗളിലേക്കും നീളുന്നുണ്ട്. മുന്നിലെ ഫെന്‍ഡര്‍, ടെയ്ല്‍ സെക്ഷന്‍ എന്നിവിടങ്ങളിലും ഗ്രാഫിക്‌സ് സ്റ്റിക്കറുകളുടെ സാന്നിധ്യം പ്രകടമാകുന്നുണ്ട്. അലോയി വീലുകളില്‍ നല്‍കിയിട്ടുള്ള റിം ടേപ്പ് പള്‍സര്‍ 220 എഫിന്റെ മുന്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ്. 

നിറം മാറ്റത്തിനൊപ്പം ഫോക്‌സ് കാര്‍ബണ്‍ ഉപയോഗിച്ചാണ് ഈ ബൈക്കിലെ ഏതാനും പാര്‍ട്‌സുകള്‍ ഒരുക്കിയിട്ടുള്ളത്. മുന്നിലെ ഫെന്‍ഡര്‍, വശങ്ങളിലെ പാനലുകള്‍, എന്‍ജിന്‍ കൗള്‍, റിയര്‍ ടെയ്ല്‍ സെക്ഷന്‍ എന്നിവയാണ് ഫോക്‌സ് കാര്‍ബണില്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം എന്‍ജിന്‍, ഹാന്‍ഡില്‍ ബാര്‍, അലോയി വീലുകള്‍, ഗ്രാബ് റെയില്‍ എക്‌സ്‌ഹോസ്റ്റ്, ഹീറ്റ് ഷീല്‍ഡ്, സസ്‌പെന്‍ഷന്‍ എന്നിവയ്ക്ക് കറുപ്പ് നിറവുമാണ് നല്‍കിയിരിക്കുന്നത്. 

നിറത്തിലും ഡിസൈനിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ മെക്കാനിക്കല്‍ ഫീച്ചറുകളെ ബാധിച്ചിട്ടില്ല. 220 സി.സി. ഓയില്‍ കൂള്‍ഡ് ട്വിന്‍ സ്പാര്‍ക്ക്, ഡി.ടി.എസ്-ഐ എഫ്.ഐ. എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.4 പി.എസ്. പവറും 18.55 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ട്രാന്‍സ്മിഷന്‍. സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഇലക്ട്രിക്കില്‍ സംവിധാനങ്ങള്‍ തുടങ്ങിയവ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: 2021 Model Bajaj Pulsar 220F Unveiled With New Colours