ഇന്ത്യയിലെ യുവ റൈഡര്‍മാരെ ലക്ഷ്യമാക്കിയെത്തിയ ഇരുചക്ര വാഹനമാണ് കെ.ടി.എം. ഡ്യൂക്ക്. 390 സിസി മുതല്‍ താഴേട്ട് 125 സിസി കരുത്തില്‍ വരെ കെ.ടി.എം. സാന്നിധ്യമറിയിച്ചിരുന്നു. ഇതില്‍ ഏറ്റവും കുഞ്ഞനായ കെ.ടി.എം. ഡ്യൂക്ക് 125 മുഖം മിനുക്കി വീണ്ടുമെത്തിയിരിക്കുകയാണ്. 1.50 ലക്ഷം രൂപയാണ് കെ.ടി.എം 125 ഡ്യൂക്കിന്റെ പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.
കെ.ടി.എമ്മിന്റെ 1290 സൂപ്പര്‍ ഡ്യൂക്കിന്റെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 125 ഡ്യൂക്ക് ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ട്രെല്ലീസ് ഫ്രെയിമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. ഹാലജന്‍ ഹെഡ്‌ലൈറ്റ്, പുതിയ സീറ്റുകള്‍, സ്റ്റോറേജ് കപ്പാസിറ്റി കൂടിയ ഫ്യുവല്‍ ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഇത്തവണ വരുത്തിയിട്ടുള്ള പുതുമകളാണ്.
സെറാമിക് ഓറഞ്ച്, ഇലക്ട്രോണിക്‌സ് ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ 125 ഡ്യൂക്ക് എത്തിയിട്ടുള്ളത്. ഇതിനൊപ്പം, സുഖയാത്ര ഉറപ്പാക്കുന്നതിനായി പുതിയ സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. മുന്നില്‍ 43 എം.എം ഡബ്ല്യു.പി അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിട്ടുള്ളത്.
ബി.എസ്-6 നിലവാരത്തിലുള്ള 124.7 സി.സി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 14.3 ബി.എച്ച്.പി പവറും 12 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് കെ.ടി.എം 125 ഡ്യൂക്കില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.
Content Highlights: 2021 KTM 125 Duke Launched In India; Price Starts From 1.50 Lakhs