മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സിലൂടെ രണ്ട് പതിറ്റാണ്ട് ഇടവേളയ്ക്ക് ശേഷമാണ് ജാവ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തിയത്. ആദ്യ വരവില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ച ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുത്തന്‍ വര്‍ണങ്ങളുടെയും സ്‌പോര്‍ട്ടി ഫീച്ചറുകളുടെയും അകമ്പടിയില്‍ എത്തിയ 2021 ജാവ 42-ന് 1.83 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
ഓറിയോണ്‍ റെഡ്, സിറിയസ് വൈറ്റ്, ഓള്‍സ്റ്റാര്‍ ബ്ലാക്ക് എന്നീ പുതിയ നിറങ്ങളാണ് ജാവയില്‍ നല്‍കിയിട്ടുള്ളത്. വാഹനത്തിലുടനീളം ഗ്രേ ഫിനീഷിങ്ങിലുള്ള ലൈനുകളും നല്‍കിയിട്ടുണ്ട്. ബോഡി ഗ്രാഫിക്‌സുകളിലും പുതുമ വരുത്തിയിട്ടുണ്ട്. 13 സ്‌പോക്കുകളുള്ള ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീലാണ് ജാവ 42-ന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നത്. ഇതിനുപുറമെ, എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് ആവരണം നല്‍കിയിട്ടുണ്ട്.
മുന്‍ മോഡലില്‍ നല്‍കിയിരുന്നതിനെക്കാള്‍ സ്‌റ്റൈലിഷായുള്ള സീറ്റ്, മുന്നിലെ സസ്‌പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയിലും പുതുമ നിഴലിക്കുന്നുണ്ട്. ഹെഡ്‌ലാമ്പ് ഗ്രില്ല്, ഫ്‌ളൈ സ്‌ക്രീന്‍ എന്നിവ പുതിയ മോഡലില്‍ ആക്‌സസറിയായി ഒരുങ്ങുന്നുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പുതിയ അലോയി വീലുകളും, ട്യൂബ്‌ലെസ് ടയറുകളും ഈ വാഹനത്തില്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുള്ളവയാണ്. കൂടുതല്‍ ആക്‌സസറി വൈകാതെ പ്രതീക്ഷിക്കാം.
293 സി.സി. കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 27 ബി.എച്ച്.പി.പവറും 27.03 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 172 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. പുതിയ മോഡലില്‍ കോര്‍ണറിങ്ങ് ക്ലിയറന്‍സ് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ വാദം. പുതിയ ഡിസൈനിലുള്ള സൈഡ് സ്റ്റാന്റും 2021 ജാവ 42-ലെ ആകര്‍ഷണമാണ്.
Content Highlights: 2021 Jawa 42 Launched In India; price Starts From 1.83 Lakhs