ഡ്വഞ്ചര്‍ ശ്രേണിയില്‍ ഇന്ത്യന്‍ വിപണിയില്‍ ഹീറോ പുറത്തിറക്കാനിരിക്കുന്ന രണ്ട് മോഡലുകളാണ് എക്‌സ്പള്‍സ്‌ 200, എക്‌സ്പള്‍സ്‌ 200 ടി എന്നിവ. വാഹനപ്രേമികളെ ആവേശത്തിലാക്കി ഇന്ത്യയില്‍ ഈ രണ്ട് മോഡലുകളുടെയും പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുകയാണ് ഹീറോ. രണ്ട് മോഡലിന്റെയും ആദ്യ സ്‌പൈ ചിത്രങ്ങളും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ഇറ്റലിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് എക്‌സ്പള്‍സ്‌ 200ടി ഹീറോ മോട്ടോകോര്‍പ്പ്‌ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

സ്റ്റാന്റേര്‍ഡ് അഡ്വഞ്ചര്‍ മോഡലാണ് എക്‌സ്പള്‍സ്‌ 200. ഇതിന്റെ ടൂറിങ് പതിപ്പാണ് എക്‌സ്പള്‍സ്‌ 200ടി. രൂപത്തില്‍ ഈ രണ്ട് മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. എക്‌സ്പള്‍സില്‍ മുന്നിലും പിന്നിലും 17 ഇഞ്ച് വീലാണ്. എന്നാല്‍ 200 ടിയില്‍ മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയാണ് എക്‌സ്പള്‍സിലെ പ്രധാന സവിശേഷതകള്‍. രണ്ടിലും 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണുള്ളത്‌. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസുമുണ്ട്. 

Xpulse 200T
Photo Courtesy; Auto Car India

Content Highlights; 2019 Hero Xpulse 200, Xpulse 200T spotted testing in India