2019 ബജാജ് പള്‍സര്‍ 150 നിയോണ്‍ വിപണിയിലെത്തി. പള്‍സര്‍ 150 ക്ലാസിക് പുതിയ കളര്‍ കോംമ്പിനേഷനില്‍ പുറത്തിറക്കിയതാണ് പള്‍സര്‍ 150 നിയോണ്‍. 64,998 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില. നിയോണ്‍ റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നീ മൂന്ന് കളര്‍ ഷേഡിലാണ് പള്‍സര്‍ 150 നിയോണ്‍ ലഭ്യമാകുക. വാഹനത്തിന്റെ ഹെഡ്‌ലാമ്പിന് മുകളില്‍, നെയിം ബാഡ്ജ്, സൈഡ് പാനല്‍ മെഷ്, ഗ്രാബ് റെയില്‍, അലോയി വീല്‍ എന്നീ ഭാഗങ്ങളില്‍ നല്‍കിയ കളര്‍ ഷേഡാണ് നിയോണ്‍ നിരയിലെ പ്രത്യേകത. മറ്റു ഫീച്ചേഴ്‌സെല്ലാം 150 ക്ലാസിക്കിന് സമാനം. 

Bajaj Pulsar 150 Neon

നിയോണ്‍ യെല്ലോ പതിപ്പ് ബ്ലാക്ക് മാറ്റ് നിറത്തിലാണ്, ബാക്കി രണ്ടും ബ്ലാക്കിലും. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 13.4 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമുള്ള ബേസ് വേരിയന്റ് പള്‍സറാണ് നിയോണായി എത്തിയത്. 150 ക്ലാസിക്കിന്റെ പുതിയ പതിപ്പായതിനാല്‍ എബിഎസ് സംവിധാനം ഇതില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം 2019 ഏപ്രില്‍ ഒന്ന് മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് നിര്‍ബന്ധമാണ്.

Content Highlights; 2019 Bajaj Pulsar 150 Neon Collection Launched