ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹയുടെ 2018 എന്‍മാക്‌സ് 155 ഇന്‍ഡൊനീഷ്യയില്‍ പുറത്തിറക്കി. 2015-ല്‍ ഇന്‍ഡൊനീഷ്യന്‍ തീരത്തെത്തിയ എന്‍മാക്‌സിന്റെ അഞ്ചര ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്. ഈ വിജയക്കുതിപ്പ് ഇന്ത്യയിലും ആവര്‍ത്തിക്കാന്‍ എന്‍മാക്‌സ് 155 അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിരത്തിലെ പതിവ് സ്‌കൂട്ടര്‍ മുഖങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് എന്‍മാക്‌സ്. 

Yamaha N Max

കോംപാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കുമേകും. ബ്ലൂ കോര്‍ എഞ്ചിന്‍ വഴി 41.7 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. 1955 എംഎം നീളവും 740 എംഎം വീതിയും 1115 എംഎം ഉയരവും 1350 എംഎം വീല്‍ബേസും 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 13 ഇഞ്ചാണ് വീല്‍.

Yamaha N Max

എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്‌സിലെ മുഖ്യ സവിശേഷതകള്‍. സുരക്ഷ വര്‍ധിപ്പിക്കന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും എന്‍മാക്‌സിനുണ്ട്. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇന്ത്യന്‍ നിരത്തിലെത്തിയാല്‍ അപ്രീലിയ SR 150, വെസ്പ 150 എന്നിവയാകും എന്‍മാക്‌സിന്റെ പ്രധാന എതിരാളികള്‍.

Content Highlights: 2018 Yamaha NMax 155 Coming To India