രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ തീര്‍ത്തും വേറിട്ട രൂപത്തില്‍ ഹോണ്ട അവതരിപ്പിച്ച മോഡലായിരുന്നു നവി. വലുപ്പത്തില്‍ വളരെ ചെറുതായ നവി എളുപ്പത്തില്‍ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. 2016 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റംകുറിച്ച കുഞ്ഞന്‍ നവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. മുന്‍ മോഡലില്‍നിന്ന് ധാരാളം മാറ്റങ്ങള്‍ സഹിതമാണ് 2018 നവി വിപണിയിലെത്തിയത്. 44,775 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

2018 Navi

പുതുക്കിയ ഇന്ധന ഗേജും കൂടുതല്‍ സൗകര്യപ്രദമായ മെറ്റല്‍ മഫ്‌ളര്‍ സംരക്ഷണവും പുതിയ നവിയുടെ പ്രത്യേകതകളാണ്. നിലവിലുള്ള യൂട്ടിലിറ്റി പാക്കേജിനൊപ്പം ബോഡിക്ക് പുതിയ നിറങ്ങള്‍ നല്‍കുന്ന ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍, ചുവന്ന സ്‌പോര്‍ട്ടി കുഷ്യന്‍ സ്പ്രിങ്, അനലോഗ് സ്പീഡോമീറ്റര്‍ തുടങ്ങിയവ പുതിയ നവിയിലുണ്ട്. 

ആകെ 1805 എംഎം നീളവും 748 എംഎം വീതിയുമാണ് കുഞ്ഞന്‍ നവിക്കുള്ളത്. 1039 എംഎം ആണ് ഉയരം. 1286 എംഎം ആണ് വില്‍ബേസ്. 3.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൂന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചുമാണ് വീല്‍. എന്‍ജിന്‍ പഴയപടി തുടരും. 109.19 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമേകും. 

2018 Navi

ട്യൂബ്‌ലെസ് ടയറുകള്‍, മുമ്പില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക്, പിന്നില്‍ ഹൈഡ്രോലിക് മോണോഷോക്ക് തുടങ്ങിയ സവിശേഷതകളുമുണ്ട്. റേഞ്ചര്‍ ഗ്രീന്‍, ലഡാഖ് ബ്രൗണ്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളില്‍ നവി സ്വന്തമാക്കാം. ഉപഭോക്താവിന് ഇഷ്ടാനുസരണം മാറ്റത്തിനുള്ള അവസരവും നവി നല്‍കുന്നു. 

Content Highlights; 2018 Honda Navi Launched In India