വാഹനനിര്‍മാണത്തില്‍ ദക്ഷിണ കൊറിയ ഒരു സംഭവംതന്നെയാണ്. ലോകം കീഴടക്കിയ ഒരുപാട് വാഹന ബ്രാന്‍ഡുകള്‍ കൊറിയന്‍വംശജരാണ്. ആഡംബര ബൈക്കുകളില്‍ ഹ്യൂയോസങ്ങിന്റെ അക്വില പ്രോയും കേരളത്തിലെ നിരത്തുകളില്‍ മെല്ലെമെല്ലെ സാന്നിധ്യം അറിയിച്ചുതുടങ്ങി. അക്വില എന്നാല്‍ കഴുകനാണ്. സൂക്ഷ്മമായ കണ്ണുകളോടെ ആകാശത്ത് വട്ടമിട്ട് പറന്ന് കൃത്യമായി ലാന്‍ഡ് ചെയ്യുന്ന സൂത്രക്കാരിയായ പക്ഷി. ഹ്യൂയോസങ്ങിന്റെ അക്വില പ്രോയും ഇങ്ങനെത്തന്നെ. ഒരു പക്ഷി പറക്കല്‍പോലെ സ്മൂത്തായ റൈഡിങ്, ചവിട്ടിയാല്‍ ചവിട്ടിയേടത്ത് നില്‍ക്കുന്ന ബ്രേക്കിങ്. ദേശദേശാന്തരങ്ങളിലൂടെ പടയോട്ടം നടത്തുമ്പോള്‍ കാണികളുടെ മനംകവരും ഇവന്‍. മത്സരഓട്ടക്കാരുടെ ഹൃദയമിടിപ്പുമാണ് അക്വില.

Aquila Pro

കേരളത്തില്‍ കൊച്ചിയിലാണ് ഇതിന്റെ ഷോറും ഉള്ളത്. ഇടപ്പള്ളിയില്‍. ഷോറൂമില്‍നിന്നും സ്റ്റാര്‍ട്ട് ചെയ്ത് കടമക്കുടി ലക്ഷ്യമാക്കി വിടുമ്പോള്‍ ആദ്യം ചില ആശങ്കകള്‍ ഉണ്ടായിരുന്നു. കൈക്കൊതുങ്ങാതെ ഇവന്‍ കുതിച്ചുപായുമോ എന്നായിരുന്നു സംശയം. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഫസ്റ്റ് ഗിയറിലേക്ക് തട്ടിയത്. ക്ലച്ച് വിടുമ്പോഴും ശങ്കമാറിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കുഴപ്പവുമുണ്ടായില്ല. വളരെ സ്മൂത്തായിത്തന്നെ അക്വില മുന്നോട്ട് നയിച്ചു. സെക്കന്‍ഡ്, തേര്‍ഡ്... ഫിഫ്ത്തിലെത്തുമ്പോഴേക്കും അവന്‍ കുതിക്കാന്‍ തുടങ്ങി. ആദ്യമായി ഓടിക്കുന്നവനായിട്ടും കൈയിലൊതുങ്ങിക്കഴിഞ്ഞു. പിന്നെ നമ്മളറിയാതെ നമ്മെ കൊണ്ടുപോകുന്ന ബൈക്കിങ് അനുഭവം.

എറണാകുളത്തെ നഗരത്തിരക്കുകള്‍ പിന്നിട്ട് കടമക്കുടിയിലെ ഗ്രാമീണഭംഗിയിലേക്ക് അക്വില പറന്നിറങ്ങി. ബൈക്കിന്റെ ചന്തം കാണാന്‍ ജനം കൂടുന്നു. സൈഡ് സ്റ്റാന്‍ഡിലിട്ട് ബൈക്കില്‍ നിന്നിറങ്ങുമ്പോള്‍ ബൈക്കിനെ പരിചയപ്പെടുത്താന്‍ വന്ന വിഷ്ണു ചോദിച്ചു. ''എങ്ങനെയുണ്ട്?'' ''കൊള്ളാം, ഉഗ്രന്‍.''

Aquila Pro

Star And Style
പുതിയ ലക്കം
സ്റ്റാന്‍ ആന്‍ഡ് സ്റ്റൈല്‍
വാങ്ങാം

സൗത്ത് കൊറിയയില്‍നിന്ന് ഇറക്കുമതിചെയ്ത ബൈക്കാണിത്. പുണെയില്‍ അസംബ്ലിൾ ചെയ്താണ് കൊണ്ടുവരുന്നത്. കേരളത്തില്‍ നികുതിയടക്കം ഏഴുലക്ഷത്തോളം വിലവരും. ഇന്ത്യയില്‍ ആദ്യം കൈനറ്റിക്കായിരുന്നു ഈ ബൈക്ക് അവതരിപ്പിച്ചത്. പിന്നീട് ഡി.എസ്.കെ. ഏറ്റെടുത്തു. കേരളത്തില്‍ ഇതിനകം 400 ഓളം ബൈക്കുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു. 650 സി.സി. ബൈക്കാണിത്. 250 സി.സി. ബൈക്കും ഉണ്ടായിരുന്നു. അത് നിര്‍മാണം നിര്‍ത്തി. 300 സി.സി.യുെട പുതിയൊരു ബൈക്ക് വരാന്‍ പോവുന്നു. കോഴിക്കോട് കൂടി ഷോറൂം തുടങ്ങാന്‍ പരിപാടിയുണ്ട്.

നല്ല നീളമുള്ളവര്‍ക്ക് യോജിച്ച വണ്ടിയാണിത്. കാരണം സീറ്റിലിരുന്ന് ഗിയറിലേക്കും ബ്രേക്കിലേക്കും കാല് നീട്ടിവെച്ച് കാറിലിരിക്കും പോലെ ഓടിക്കാം. നല്ല നീളമുള്ള ഹാന്‍ഡില്‍ ബാറാണ്. യു ടേണ്‍ എടുക്കുമ്പോള്‍ കുറച്ച് വിസ്താരത്തിലെടുത്താല്‍ കൊള്ളാം.

Aquila Pro

മറ്റ് ബൈക്കുകളെപ്പോലെ ചെയിനല്ല ബെല്‍റ്റ് ഡ്രൈവാണ്. 60,000 കിലോമീറ്ററോളം ബെല്‍റ്റിന് ആയുസ്സുണ്ടാവും. ബ്രിജ് സ്റ്റോണിന്റെ ബാറ്റ് ലാക്സ് ടയറാണ്. രണ്ടു ടയറിനു മാത്രം 60,000 രൂപയാവും. 647 സി.സി. 90 ഡിഗ്രി വി ട്വിന്‍ എന്‍ജിന്‍ വാട്ടര്‍ കൂള്‍ എന്‍ജിനാണ്. കൂളന്റാണ് ഉപയോഗിക്കുന്നത്. ഡ്രൈവര്‍സീറ്റില്‍നിന്ന് വിട്ട് എന്‍ജിന്‍ മുന്നിലോട്ട് ആയതിനാല്‍ ഓടിക്കുന്നയാള്‍ക്ക് എന്‍ജിന്‍ചൂട് അറിയില്ല. ഒരാള്‍ക്കിരുന്ന് ഓടിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും പിന്നിലിരിക്കാനും പിന്നിലിരിക്കുന്നയാള്‍ക്ക് ചാരിയിരിക്കാനുള്ള സംവിധാനമൊക്കെ ഏര്‍പ്പെടുത്താം.

16 ലിറ്റര്‍ പെട്രോള്‍ കൊള്ളുന്ന ടാങ്കാണ്. 15 മുതല്‍ 18 വരെ മൈലേജ് കിട്ടുന്നുണ്ട്. മുന്‍പില്‍ ഹൈഡ്രോളിക്സ് ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമാണ്. 240 കിലോയാണ് മൊത്തം ഭാരം. ഇതുകൊണ്ടെല്ലാംതന്നെ ബ്രേക്ക് സിസ്റ്റം കാര്യക്ഷമമാണ്. പുതിയ മോഡലിന് എ.ബി.എസ്. ബ്രേക്കുമാണ്.

Aquila Pro

ഷാഡോ ബ്ലാക്ക്, ലാവാ റെഡ്, ഫാന്റം സില്‍വര്‍ എന്നിങ്ങനെ മൂന്നുനിറങ്ങളിലാണ് ഇവ എത്തുന്നത്. കേരളത്തില്‍ ബ്ലാക്കും സില്‍വറും മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളൂ. കടമക്കുടിയില്‍നിന്ന് തിരിച്ച് ഗോശ്രീപാലത്തിലൂടെ ചക്യാത്ത് റോഡിലെത്തി വലിയ തിരക്കില്ലാത്ത റോഡില്‍ ഇവന്റെ കുതിപ്പറിയാന്‍ ഒന്നുകൂടി ഓടിച്ചുനോക്കി. തീര്‍ച്ചയായും പ്രണയത്തിലായിപ്പോവും, ഇവനെയും കൂട്ടി ഒരു ഇന്ത്യന്‍ പര്യടനത്തിന് പോവാനൊത്തെങ്കില്‍. പക്ഷേ, പോക്കറ്റും ഇവന് സഞ്ചരിക്കാന്‍ പറ്റിയ റോഡും വരാന്‍ ഇന്ത്യ ഇനിയും പുരോഗമിക്കേണ്ടിയിരിക്കുന്നു. എന്നാലും സമ്പന്നരുടെ ഇടങ്ങളില്‍ അക്വില പറന്നിറങ്ങും. 

(2017 നവംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights; Hyosung Aquila pro Test Drive Features Images Specs