തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും (റുസ) സംയുക്തമായി രണ്ടു ദിവസമായി  നടത്തുന്ന ശാസ്ത്രയാന്‍ സമാപിച്ചു. രണ്ടാദിവസമായ   ആരോഗ്യദായകമായ പ്രകൃതി പാനീയങ്ങളുടെ നിര്‍മ്മാണത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. ഭാഷശാസ്ത്രപഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍  അദ്ധ്യാപകര്‍ക്ക് പഠനവൈഷമ്യങ്ങളെക്കുറിച്ച്  ഡോ. മിസ്ബാഹ്, ഡോ. ബിനു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. രണ്ടു ദിവസങ്ങളായി ആയിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രദര്‍ശനം കാണാനെത്തി. സമാപനസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് യാസിര്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ കോല്‍ക്കളി സോദാഹരണപ്രഭാഷണവും അവതരണവും നടന്നു.
 
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളിവാള്‍ സര്‍വകലാശാലയ്ക്ക്  
 
തിറയാട്ടത്തിന്റെ ഭഗവതി കോലത്തിനും മറ്റും ഉപയോഗിച്ചിരുന്ന അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളിവാള്‍  മൂര്‍ക്കനാട് പീതാംബരനാശാന്‍ സര്‍വകലാശാല പൈതൃകമ്യൂസിയത്തിന് സംഭാവനചെയ്തു.  ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി സര്‍വകലാശാലയില്‍ നടന്ന തിറയാട്ടം സോദാഹരണപ്രഭാഷണവും അവതരണവും നടത്താന്‍ സര്‍വകലാശാലയിലെത്തിയതായിരുന്നു അദ്ദേഹം. തെക്കന്‍ മലബാറില്‍ കാവുകളില്‍ ഉപയോഗിച്ചിരുന്ന പള്ളിവാള്‍ പിച്ചളയും ഇരുമ്പും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 
 
പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
 
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗം മാര്‍ച്ച് 21, 22, 23 തിയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയമാധ്യമ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. ''മാധ്യമങ്ങളും സാംസ്‌കാരിക വൈവിധ്യവും'' എന്ന മുഖ്യവിഷയത്തെയും വിവിധ ഉപവിഷയങ്ങളെയും ആസ്പദമാക്കി മലയാളത്തിലുള്ള രചനകളാണ് പരിഗണിക്കുക. തിരഞ്ഞെടുക്കുന്ന പ്രബന്ധ അവതാരകര്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിനായി സര്‍വകലാശാല ചട്ടപ്രകാരുള്ള യാത്രാബത്ത നല്‍കുന്നതാണ്. പ്രബന്ധങ്ങള്‍ മാര്‍ച്ച് 15നു മുമ്പായി madhyamaseminar@gmail.com എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: രാജീവ് മോഹന്‍-9895919443, ആന്റോ പി. ചീറോത-9562296726.