മാതൃഭാഷാദിനത്തോടനുബന്ധിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സാഹിത്യസമ്മേളനം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ പത്തുമണിയ്ക്ക്  സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, പി.പി.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രശസ്തസാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കാമ്പസ് പ്രതിഭകളെ അനുമോദിക്കും. 
 
ശാസ്ത്രയാന്‍ പരിപാടിയ്ക്ക് 22ന് തുടക്കമാവും 
 
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചര്‍ ശിക്ഷാ അഭിയാനും(റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടിയ്ക്ക് 22ന് തുടക്കമാവും. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ വിവിധതരത്തിലുള്ള പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, കലാപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും. 22ന് രാവിലെ 9.30ന് ശാസ്ത്രയാന്റെ ഉദ്ഘാടനം തിരൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ഗിരീഷ് നിര്‍വഹിക്കും. രജിസ്ട്രാര്‍ കെ.എം.ഭരതന്‍ അദ്ധ്യക്ഷത വഹിക്കും. പൈതൃകമ്യൂസിയം, എഴുത്തച്ഛന്‍ പഠനകേന്ദ്രം, അറബിമലയാള പഠനകേന്ദ്രം, ഭിന്നഭാഷാശേഷീപഠനകേന്ദ്രം, ഓര്‍മ്മച്ചെപ്പ്, പുസ്തകമേള, സാഹിത്യനായകര്‍ക്കൊപ്പം, ഡോക്യുമെന്ററി / സിഡി പ്രദര്‍ശനം, നിത്യോപയോഗവസ്തുക്കള്‍, പഠനവകുപ്പുകളുടെ പ്രദര്‍ശനം തുടങ്ങിയവ പ്രദര്‍ശനവിഭാഗത്തില്‍ കാണാം. കടലാസുപേന നിര്‍മ്മാണം, തെളിമലയാളം, ഭിന്നഭാഷാശേഷി തുടങ്ങി വിഷയങ്ങളില്‍ ശില്പശാലകളും, തിറയാട്ടം, കോല്‍ക്കളി, തിയേറ്റര്‍ സ്‌കെച്ച് തുടങ്ങിയ കലാപ്രദര്‍ശനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രദര്‍ശനം സൗജന്യമാണ്.