2020-21 അധ്യയനവർഷത്തെ പിഎച്ച്.ഡി. അപേക്ഷകർക്ക് സംവരണം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി. അപേക്ഷകർ രേഖകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ phdadmission@ktu.edu.in എന്ന മെയിലിലേക്ക് അയയ്ക്കണം. സംവരണം തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാത്തപക്ഷം, അപേക്ഷകരെ ജനറൽ കാറ്റഗറിയായി പരിഗണിക്കും. നിലവിൽ എഴുത്തുപരീക്ഷയ്ക്ക് യോഗ്യതയുള്ള അപേക്ഷകർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല.

കെ.ടി.യു. വെബിനാർ സീരീസ് ഇന്ന് രണ്ടാം ദിവസം

എൻജിനീയറിങ്‌ കോളേജുകളെ നവീകരണത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും സംസ്‌കാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ ഐ.ടി.ബി.ഐ. പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കോളേജുകളെ പ്രാപ്തരാക്കാൻ സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന വെബിനാറിൽ ബുധനാഴ്ച രണ്ടു സെഷനുകൾ ക്രമീകരിച്ചു. രാവിലെ 11 ന് ആരംഭിക്കുന്ന സെഷൻ വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. ഡോ. അഭയ് ജെറെ വിവിധ എൻജിനീയറിങ് കോളേജുകളിൽ നിന്നുള്ള അധ്യാപകരുമായി സംവദിക്കും.

നിധി പദ്ധതികളെക്കുറിച്ച് വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന സെഷനിൽ ഡോ. എ.ബാലചന്ദ്രൻ സംസാരിക്കും.