തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 23 ബ്രാഞ്ചുകളിലായി പരീക്ഷയെഴുതിയ 28,424 വിദ്യാർഥികളിൽ 14,743 പേർ വിജയിച്ചു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന വിജയശതമാനമാണിത്. 2019, 2020 വർഷങ്ങളിൽ യഥാക്രമം 36.5, 46.5 ശതമാനമായിരുന്നു വിജയം.

ഗവൺമെന്റ്, എയ്ഡഡ്, ഗവ. നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 68.08, 72.77, 55.46, 46.02 എന്നിങ്ങനെയാണ്. ഇലക്‌ട്രോണിക്സ് വിഭാഗത്തിലാണ് കൂടുതൽ കുട്ടികൾ വിജയിച്ചത്. വിജയശതമാനം 53.40. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 11,186 പേരിൽ 7335 പേരും വിജയിച്ചു. ശതമാനം 65.57. ആൺകുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ 939 വിദ്യാർഥികളിൽ 262 പേരും (27.9 ശതമാനം) ലാറ്ററൽ എൻട്രി വിഭാഗത്തിലെ 1914 പേരിൽ 570 പേരും (29.78 ശതമാനം) വിജയികളായി. വിജയിച്ച 14,743 പേരിൽ 3008 വിദ്യാർഥികൾ (20.4 ശതമാനം) ബി.ടെക്. ഓണേഴ്‌സ് ബിരുദത്തിന് അർഹരായി.

കോവിഡ് സാഹചര്യത്തിൽ എട്ടാം സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായാണ് നടന്നത്. കോഴ്‌സ് കാലാവധിക്കുള്ളിൽ തന്നെ മുൻ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒന്നാമതെത്തിയവർ

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളായ അഭിഷേക് മനോഹരൻ (കംപ്യൂട്ടർ സയൻസ്) എസ്. ഹരികൃഷ്ണൻ (മെക്കാനിക്കൽ), തിരുവനന്തപുരം ഗവ. ബാർട്ടൻഹിൽ കോളേജിലെ ജി. ആദിത്യ (മെക്കാനിക്കൽ) എന്നിവർ 9.98 സ്കോറോടെ സംസ്ഥാനത്ത് ഒന്നാമതെത്തി.

പാരിപ്പള്ളി യു.കെ.എഫ്. കോളേജിലെ സി. വിഷ്ണുപ്രിയ (കംപ്യൂട്ടർ സയൻസ്) 9.97-ഉം കൊല്ലം ടി.കെ.എം. കോളേജിലെ വിദ്യാർഥികളായ വി. ജോർജ് സക്കറിയ (കംപ്യൂട്ടർ സയൻസ്) 9.96-ഉം അശ്വിൻ പ്രദീപ് (ഇലക്‌ട്രോണിക്സ്) 9.95-ഉം മോഡൽ എൻജിനിയറിങ് കോളേജിലെ കെ.സി. മേഘ (കംപ്യൂട്ടർ സയൻസ്), കെ.ഇസെഡ്. ഹസ്‌ന പ്രവീൺ (ഇലക്‌ട്രോണിക്സ്), ടി.കെ.എമ്മിലെ തന്നെ ഇ.എം. അയോന (സിവിൽ), എസ്.ആർ. ശ്രീരാജ് (മെക്കാനിക്കൽ) എന്നിവർ 9.94 സ്കോറും നേടി മുന്നിലെത്തി.

മികച്ച വിജയംനേടിയ കോളേജുകൾ

ഗവ. എൻജിനിയറിങ് കോളേജ് തിരുവനന്തപുരം (82.49), മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളോജി (80.81), മോഡൽ എൻജിനിയറിങ് കോളേജ് തൃക്കാക്കര (80.61), ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ് (79.4), രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (77.88).

സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി

വിജയികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റൽ രൂപത്തിൽ പരീക്ഷാ കൺട്രോളറുടെ ഇ-ഒപ്പോടെ ഓഗസ്റ്റ് ഒൻപതിന് മുൻപ് വിദ്യാർഥികളുടെ പോർട്ടലിൽ തന്നെ ലഭ്യമാക്കും. ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. സർട്ടിഫിക്കറ്റുകൾക്കായി സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ പോകേണ്ടതില്ല. സംസ്ഥാനത്ത് ആദ്യമായാണ് സർട്ടിഫിക്കറ്റുകൾ ഇത്തരം ഡിജിറ്റൽ സംവിധാനം വഴി ലഭ്യമാകുന്നത്. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ 10 ദിവസത്തിനകം സ്വീകരിക്കും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും.