വികസനപദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അതാത് പ്രദേശത്തിന്റെ പാരിസ്ഥിതിക ചരിത്രം അനിവാര്യമായും പരിഗണിക്കണമെന്ന് പീച്ചി ഫോറിസ്റ്റ് റിസര്‍ച്ച് സെന്റര്‍ മുന്‍ ശാസ്ത്രജ്ഞനും ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡ് അംഗവുമായ ഡോ. പി.എസ്. ഈസ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാ ശാലയില്‍ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി 'ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണ നിയമങ്ങള്‍ ഫലത്തില്‍ വനങ്ങളെയും വന്യമൃഗങ്ങളെയും മാത്രമാണ് ലക്ഷ്യമാക്കുന്നതെന്ന് ഈസ പറഞ്ഞു. പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസി. പ്രൊഫസര്‍മാരായ ഡോ. ആര്‍. ധന്യ, ഡോ. ജയ്‌നി വര്‍ഗ്ഗീസ്, പി. എസ്. സുദിന എന്നിവര്‍ സംസാരിച്ചു. 
 
 
ദൃശ്യം ഡോക്യുമെന്ററി മേള തിങ്കളാഴ്ച മുതല്‍ 
 
മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യ ത്തില്‍ ഒക്‌ടോബര്‍ 9 മുതല്‍ 11 വരെ ക്യാമ്പസില്‍ 'ദൃശ്യം 17' അന്തര്‍ദേശീയ ഡോക്യുമെന്ററി ചലച്ചിത്രമേള സംഘടിപ്പിക്കും. ഒമ്പതിന് 1.30 മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ സംവിധായകന്‍ വേണു നായര്‍ മേള ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ 'രാജാരവിവര്‍മ്മ' ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് വേണുനായരുമായി മുഖാമുഖം നടക്കും. ഗ്ലാസ്സ് (നെതര്‍ലാന്റ്) ആന്‍ ഇന്ത്യന്‍ ഡേ (ഇന്ത്യ) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രൊഫ. മധു ഇറവങ്കരയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഒക്‌ടോബര്‍ 10, 11 തിയതികളില്‍ 2.30 മുതല്‍ നൈറ്റ് ആന്റ് ഫോഗ് (ഫ്രാന്‍സ്), ലീഡര്‍ (മലയാളം), കപില (ഇംഗ്ലീഷ് - മലയാളം), ഇന്‍ റിട്ടേണ്‍ ജെസ്റ്റ് എ ബുക്ക് (മലയാളം - റഷ്യ), പെസ്റ്ററിങ് ജര്‍ണി (ഇംഗ്ലീഷ്) എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തും. 
 
 
മലയാളസര്‍വകലാശാലയില്‍ കീഴാളപഠനകേന്ദ്രം
 
മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കീഴാളപഠനകേന്ദ്രം ആരംഭിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പുവരുത്തുക, അവരുടെ കലാസാംസ്‌കാരിക വൈജ്ഞാനിക പൈതൃകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം. കേന്ദ്രം ആരംഭിക്കുന്നതിന് മുന്നോടിയായി ഒക്‌ടോബര്‍ 9ന് നടത്തുന്ന ശില്‍പ്പശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടം ചെയ്യും. നവംബര്‍ ഒന്നിന് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും. കീഴാളവിഭാഗം അഭിമുഖീകരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളില്‍ അക്കാദമികമായും പ്രായോഗികമായും ഇടപെടുകയും ഇതുവരെ ഈ മേഖലയിലുള്ള പഠനങ്ങള്‍ സമാഹരിക്കുകയും പുതിയ പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യുകകൂടി കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.
 
 
ഉടയാട വേരും വഴിയും: വസ്ത്ര-ചമയ പ്രദര്‍ശനം ഒക്‌ടോ.10 മുതല്‍
 
മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക- ചരിത്രപഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 'ഉടയാട വേരും വഴിയും' എന്ന പേരില്‍ കേരളീയ വസ്ത്ര-ചമയസംസ്‌കൃതി പ്രദര്‍ശനമൊരുക്കുന്നു. ഒക്‌ടോബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ വസ്ത്രധാരണം ആരംഭിച്ചതുമുതലുള്ള വേഷവിധാനങ്ങളും ചമയങ്ങളും ഒരുക്കുന്നുണ്ട്. വിവവസ്ത്രം - വസ്ത്രം, ദൈനംദിന വേഷങ്ങള്‍, വിശേഷവസ്ത്രം, ചമയം, ആഹാര്യം, യൂണിഫോം, വസ്ത്രത്തിന്റെ രാഷ്ട്രീയം, വ്യവസായം -പുതുപ്രവണതകള്‍ എന്നിങ്ങനെ ഏട്ട് ഗ്യാലറികളാണ് പ്രദര്‍ശനത്തിനുണ്ടാവുക വിവവസ്ത്രം - വസ്ത്രം എന്ന ഗ്യാലറിയില്‍ വസ്ത്രധാരണം ആരംഭിച്ചത് മുതലുള്ള ചരിത്രമാണ് അനാവരണം ചെയ്യുക. ചാന്നാര്‍ ലഹളയടക്കം വസ്ത്രവുമായി ബന്ധപ്പെട്ട സമരചരിത്രം വസ്ത്രത്തിന്റെ രാഷ്ട്രീയം എന്ന ഗ്യാലറി ഓര്‍മ്മപ്പെടുത്തും. പുതുപ്രവണതകള്‍ എന്ന ഗ്യാലറിയില്‍ ഫാഷന്‍ വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 10ന് കാലത്ത് 10 മണിക്ക് ഡോ. കെ. എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
 
 
ദേശീയ സെമിനാര്‍ സമാപിച്ചു: പഠനവൈകല്യ നിര്‍ണയക്യാമ്പില്‍ 125 കുട്ടികള്‍ പങ്കെടുത്തു
 
'ഭിന്നഭാഷാശേഷി പ്രശ്‌നവും പരിഹാരവും' എന്ന വിഷയത്തില്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ത്രിദിന ദേശീയ സെമിനാര്‍ സമാപിച്ചു. സെമിനാറിന്റെ ഭാഗമായി നടന്ന പഠനവൈകല്യനിര്‍ണ്ണയക്യാമ്പില്‍ 125 കുട്ടികള്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍ ഐക്കോണ്‍സി (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്റ് കൊഗ്‌നിറ്റീവ് ന്യൂറോ സയന്‍സ്) ല്‍ നിന്നുള്ള ഡോ. എ. എം. മേരിക്കുട്ടി, എം. എല്‍ നിഷ, എസ്. അനുരാധ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സമാപനസമ്മേളനം ഭാഷാശാസ്ത്രവിഭാഗം മേധാവി ഡോ. എം. ശ്രീനാഥന്‍ ഉദ്ഘാടനം ചെയ്തു. പഠനവൈകല്യനിര്‍ണയക്യാമ്പിലെത്തിയ കുട്ടികള്‍ക്ക് ഐക്കോണ്‍സിന്റെ സഹകരണത്തോടെ തുടര്‍ ചികിത്സയും വൈകല്യനിവാരണ ത്തിനുള്ള പരിശീലനവും നല്‍കുമെന്ന് ശ്രീനാഥന്‍ വ്യക്തമാക്കി. ചടങ്ങില്‍ ഡോ. എന്‍. ശ്രീദേവി (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് മൈസൂര്‍) മുഖ്യാതിഥിയായിരുന്നു. കാലത്ത് നടന്ന സെമിനാറില്‍ 'പഠനവൈകല്യനിര്‍ണ്ണയവും പരിഹാരവും' എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാറാ റാണി, ഡോ. എം. എ മേരിക്കുട്ടി, നിഷ (ഐക്കോണ്‍സ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.