മാലിന്യസംസ്‌കരണം, ജൈവകൃഷി, ജലവിഭവമാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മലയാളസര്‍വകലാശാലയില്‍ ശില്‍പശാല സംഘടിപ്പിക്കും. പരിസ്ഥിതി -തദ്ദേശവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാല മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിഷന്‍ പ്രവര്‍ത്തനത്തില്‍ പ്രായോഗിക  പങ്കാളിത്തം നല്‍കാനുള്ള നടപടികള്‍ ശില്‍പ്പശാല ചര്‍ച്ച ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ഡോ. ധന്യ.ആര്‍, വി. ശ്രീജ, ഡോ. ജെയ്‌നി വര്‍ഗ്ഗീസ്, ഡോ.എ.പി. ശ്രീരാജ് എന്നിവര്‍ സംസാരിക്കും.
 
ഭിന്നശേഷി: സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണം - സെമിനാര്‍ 
 
സംസ്ഥാനത്തെ ഭിന്നശേഷിക്കാരില്‍ ശാസ്ത്രീയപഠനം നടത്തി സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണമെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന 'ഭിന്നഭാഷാശേഷി : പ്രശ്‌നവും പരിഹാരവും' എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കായി നിശ്ചിത തുക ജില്ലകള്‍ക്ക് വിതരണം ചെയ്യുന്ന നിലവിലുള്ള സമ്പ്രദായം മാറണം. ഓരോ ജില്ലയിലേയും ആവശ്യകത പഠിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ എട്ട് ലക്ഷത്തോളം പേരില്‍ 1.3ലക്ഷം പേര്‍ കുട്ടികളാണ്. ഇവര്‍ക്കുള്ള പെന്‍ഷന്‍ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വരുമാന പരിധി എടുത്തുകളയണം. ബഹുവിധ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണം. സര്‍വ്വോപരി ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന മനോഭാവം സമൂഹത്തിന് ഉണ്ടാവണം - സെമിനാറിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പൊതു ഇടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഉണ്ടാവണം. വാഹനങ്ങളില്‍ സംവരണം ലഭിക്കുന്നതിനും കെട്ടിടങ്ങളില്‍ പ്രത്യേകമായ ശുചിമുറി ഒരുക്കുന്നതിനുമുള്ള നിയമം കര്‍ശനമായി നടപ്പാക്കണം. 'ജീവിതശൈലിയും ഭിന്നഭാഷാശേഷിയും' എന്ന വിഷയത്തില്‍ കെ.വി വിശ്വനാഥന്‍, ഭാഷാവൈകല്യങ്ങളെക്കുറിച്ച് ആര്‍. വൃന്ദ, 'വളര്‍ച്ചാഘട്ടങ്ങളും ഭിന്നശേഷി തിരിച്ചറിയലും' എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഷൊര്‍ണൂര്‍ ഐക്കോണ്‍സിന്റെ ആഭിമുഖ്യത്തില്‍  പഠനവൈകല്യ നിര്‍ണയ ക്യാമ്പ് നടക്കും. 2.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഡോ. എന്‍. ശ്രീദേവി (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്, മൈസൂര്‍) മുഖ്യാതിഥിയായിരിക്കും. 
 
ജൈവവൈവിധ്യം: പ്രഭാഷണം വെള്ളിയാഴ്ച
 
വന്യജീവി വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 06 വെള്ളിയാഴ്ച കാലത്ത് 10.30ന് 'ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഡോ. പി.എസ് ഈസ പ്രഭാഷണം നടത്തും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
 
കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍
 
മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായ രീതിയില്‍ മഞ്ഞള്‍, അരിപ്പൊടി, ഇലകള്‍, ഉമിക്കരി, എന്നിവ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് കളമെഴുത്തില്‍ പ്രസിദ്ധകലാകാരന്‍ കടന്നമണ്ണ ശ്രീനിവാസന്‍ വരച്ചത്. കളമെഴുത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം  കുട്ടികളോട് സംസാരിച്ചു.  സംസ്‌കാരപൈതൃകപഠനവിഭാഗം അസോ. പ്രൊഫസര്‍ ടി.വി സുനീത നേതൃത്വം നല്‍കി.