2017 ഒക്‌ടോബര്‍ / നവംബര്‍ മാസങ്ങളില്‍ നടത്തിയ നാലും രണ്ടും സെമസ്റ്റര്‍ ബി.വോക് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റും ഐ.ടി.യും, റീടെയില്‍ മാനേജ്‌മെന്റും ഐ.ടി.യും പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 16 മുതല്‍ 19 വരെ മാന്നാം കെ.ഇ. കോളേജില്‍ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പരീക്ഷാഫലം
2017 ഏപ്രില്‍ / മെയ് മാസങ്ങളില്‍ നടത്തിയ എം.എ. മള്‍ട്ടിമീഡിയ (ഓഫ് കാമ്പസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 22 വരെ അപേക്ഷിക്കാം. 
 
ആഗോള ജൈവ സംഗമത്തിനായി നാടന്‍ നെല്ലിനങ്ങള്‍ വിതച്ചു
പ്രകൃതിയും മനുഷ്യരും ഇതര ജീവജാലങ്ങളും നേരിടുന്ന സങ്കീര്‍ണ്ണ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ജൈവ ജീവനമാര്‍ഗ്ഗം മാത്രമാണ് പ്രതിവിധിയെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അന്തര്‍സര്‍വ്വകലാശാലാ ജൈവ സുസ്ഥിര കൃഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം വല്ലകത്ത് പാട്ടത്തിനെടുത്ത ആറേക്കര്‍ തരിശുപാടത്ത് തനത് നാടന്‍ നെല്‍വിത്തിനങ്ങളുടെ കൃഷി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ആരോഗ്യ സംരക്ഷണ പ്രതിവിധികളില്‍ ഉപയോഗിക്കുന്ന രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ നെല്‍വിത്തിനങ്ങളാണ് കൃഷിയിറക്കിയത്. ഏപ്രില്‍ മാസം നടത്തുന്ന ത്രിദിന അന്താരാഷ്ട്ര പ്രകൃതി ജൈവ സംഗമത്തിനോടനുബന്ധിച്ച് ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജൈവം ജനറല്‍ കണ്‍വീനറും സര്‍വ്വകലാശാലാ രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചനാ പ്രഭാകരന്‍, കൃഷി ഓഫീസര്‍ വി.എം. സീന, കെ.ജി. ഷാജി, ടെക്‌നിക്കല്‍ ഓഫീസര്‍ എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു. കേരളാ ജൈവ കര്‍ഷകസമിതി സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് മുല്ലക്കര, കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.