കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ് / സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗാമുകളിലേക്ക് (2018-19) പ്രവേശനത്തിന് ഓണ്‍ലൈന്‍ (http://admissions.keralauniversity.ac.in) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും 2018-19 വര്‍ഷത്തെ ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി / എസ്.ടി / എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്‌മെന്റ്. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്‌പോര്‍ട്‌സ് ക്വാട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ രജിസ്‌ട്രേഷന്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തു പരിഹരിക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴിയോ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ വഴിയോ മാത്രമാണ് അടയ്‌ക്കേണ്ടത്. ഡി.ഡി, ചെക്ക് എന്നിവ സ്വീകരിക്കില്ല. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്‌മെന്റുകളുടേയും തീയതി എന്നിവ സി.ബി.എസ്.ഇ തുടങ്ങി മറ്റ് ബോര്‍ഡുകളുടെ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം വിജ്ഞാപനം ചെയ്യും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. കേരള ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2018 വര്‍ഷത്തെ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ അവരുടെ പേരും രജിസ്റ്റര്‍ നമ്പരും ഓണ്‍ലൈന്‍ അപേക്ഷയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ സ്വമേധയാ തന്നെ രേഖപ്പെടുത്തപ്പെടും. അത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട മാര്‍ക്കുകള്‍ തിരുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല. പുനര്‍മൂല്യനിര്‍ണയം വഴിയോ മറ്റോ മാര്‍ക്കുകള്‍ക്ക് മാറ്റം വന്നാല്‍ സര്‍വകലാശാലയുടെ അറിവോടെ മാത്രമേ തിരുത്തുകള്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ Press Releases എന്ന ലിങ്ക് സന്ദര്‍ശിക്കുക.  
 
 
അപേക്ഷ ക്ഷണിച്ചു
 
സര്‍വകലാശാലയുടെ കീഴിലെ സ്വാശ്രയ സ്ഥാപനമായ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 2018-19 അദ്ധ്യയനവര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.ടെക് ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സുകളുടെ എന്‍.ആര്‍.ഐ സീറ്റിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
 
എം.എസ.്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസ്സുകള്‍
 
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസ്സുകള്‍ മേയ് 19 മുതല്‍ പാളയം എസ്.ഡി.ഇ യില്‍ വച്ച് ആരംഭിക്കും.
 
 
ബി.വോക് പ്രാക്ടിക്കല്‍
 
ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് 22 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.