കേരള സർവകലാശാലയുടെ 2021-22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തി.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിക്കാത്തവരും എന്നാൽ രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകർ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് അടച്ചവർ രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.

അലോട്ട്‌മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം.

അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽനിന്ന് ലഭിക്കും. മെമ്മോയിൽ പറഞ്ഞ തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം.

പി.ജി. പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ/സെന്ററുകൾ എന്നിവിടങ്ങളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു (http://admissions.keralauniverstiy.ac.in).

എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ നൽകിയിരിക്കണം.

കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല.

സ്‌പോർട്‌സ് ക്വാട്ട

സ്പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയിലെ സ്പോർട്സ് കോളത്തിനു നേരേ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്പോർട്ട്‌സ് ഇനം, ഏതുതലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സംശയനിവാരണത്തിന് എല്ലാ പ്രവൃത്തിദിവസങ്ങളിലും 8281883052, 8281883053, 9188524610 (വാട്‌സ്ആപ്പ് മാത്രം) എന്നീ ഹെൽപ്പ്‌ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2008 സ്‌കീം സപ്ലിമെന്ററി, ഫൈനൽ മേഴ്‌സിചാൻസ് 2007 അഡ്മിഷൻ വരെ) സെപ്റ്റംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാത്തീയതി

സെപ്റ്റംബറിൽ നടക്കുന്ന ബി.എ. ആന്വൽ മെയിൻ/സബ്‌സിഡിയറി പരീക്ഷയിൽ സെപ്റ്റംബർ 30-ന് നടത്താനിരുന്ന ‘ജനറൽ സൈക്കോളജി’ സബ്‌സിഡിയറി പരീക്ഷ ഒക്‌ടോബർ ഒന്നിലേക്ക് മാറ്റി. പരീക്ഷാസമയത്തിന് മാറ്റമില്ല.

പ്രാക്ടിക്കൽ

ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർസയൻസ് ഡിഗ്രി കോഴ്‌സിന്റെ (ജനുവരി 2021) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 14 മുതൽ 17 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

റിസർച്ച് അസോസിയേറ്റ്

കേരള സർവകലാശാലയുടെ കീഴിൽ കാര്യവട്ടത്തുളള അന്തർ സർവകലാശാല മലയാളഭാഷ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ നിലവിലുളള റിസർച്ച് അസോസിയേറ്റിന്റെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.