കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ബുധനാഴ്ച വന്നേക്കും. ഓൺലൈനായാണ് പ്രവേശനനടപടികൾ. സാധാരണനിലയിൽ പ്ലസ് ടു ഫലം വന്നതിന്റെ അടുത്തദിവസംതന്നെ കോളേജ് പ്രവേശനത്തിനുള്ള നടപടികളാരംഭിക്കാറുണ്ട്. ഇത്തവണ പ്ലസ് ടു ഫലം വന്ന് മൂന്നാഴ്ചയായിട്ടും ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ വിളിക്കാത്തത് ആക്ഷേപത്തിനിടയാക്കുകയാണ്. സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസവിഭാഗം നടത്തിയ ബിരുദപരീക്ഷയുടെ ഫലം വന്നശേഷം ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കാനായിരുന്നു നേരത്തെ ധാരണ. വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഫലം വൈകുന്ന സാഹചര്യത്തിൽ ബിരുദ കോഴ്‌സുകളിലേക്ക് മാത്രമായി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.