പാശ്ചാത്യരുടെ വേദവ്യാഖ്യാനപദ്ധതികള്‍ പഠനാര്‍ഹങ്ങള്‍: ഡോ. അമൃത നാടു
ഭാരതത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള വേദവ്യാഖ്യാനപദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും വൈദേശികര്‍ വേദവ്യാഖ്യാനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവ പഠനവിഷയമാക്കണമെന്നും പൂന ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഓഫീസര്‍ ഡോ. അമൃത നാടു പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വേദപഠനകേന്ദ്രം നടത്തിയ ഡോ. സി. എം. നീലകണ്ഠന്‍ എന്‍ഡോവ്‌മെന്റ് പ്രതിവര്‍ഷ പ്രഭാഷണ പരമ്പരയിലെ ഈ വര്‍ഷത്തെ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ജര്‍മ്മന്‍ പണ്ഡിതന്മാര്‍ ഭാരതകേന്ദ്രീകൃതമായ വേദപഠനത്തെ നോക്കിക്കാണുന്ന രീതി അവര്‍ വിശദീകരിച്ചു. ജര്‍മന്‍ ഇന്റോളജി പഠനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ഇന്ത്യന്‍ പാരമ്പര്യ വ്യാഖ്യാനങ്ങളെ തിരസ്‌കരിക്കുകയും യൂറോ കേന്ദ്രീകൃത രീതിശാസ്ത്രത്തിലൂടെ മാത്രം പഠനം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത റുഡോല്‍ഫ് റോത്തിനെപ്പോലുള്ളവര്‍ ആദ്യഘട്ടത്തിന്റെ പ്രതിനിധികളാണ്. പൂര്‍വ്വികരോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി പഠനങ്ങളിലേര്‍പ്പെട്ട റിച്ചാര്‍ഡ് പിഷല്‍ തുടങ്ങിയവരുടെ കാലമായിരുന്നു രണ്ടാം ഘട്ടം. ഹെര്‍മന്‍ ഓള്‍ഡന്‍ബര്‍ഗ് മുതലായവരുടെ ശ്രമഫലമായി ജര്‍മന്‍ ഇന്റോളജി വിപുലമായ മേഖലകളിലേക്ക് നീങ്ങിത്തുടങ്ങുന്ന, വികസിതമായ പഠനസമീപനം ഉരുത്തിരിഞ്ഞുവരുന്ന കാലമാണ് മൂന്നാം ഘട്ടം എന്നും അവര്‍ പറഞ്ഞു. ജര്‍മന്‍കാരനായിരുന്നുവെങ്കിലും മാക്‌സ്മുള്ളറെ ഇക്കൂട്ടത്തിലൊരാളായി കണക്കാക്കാനാവില്ലെന്നും ഡോ. അമൃത നാടു കൂട്ടിച്ചേര്‍ത്തു. പ്രബന്ധാവതരണത്തിനുശേഷം വിശദമായ ചര്‍ച്ചയും ഉണ്ടായി.
സംസ്‌കൃത സാഹിത്യ വിഭാഗം അധ്യക്ഷന്‍ ഡോ. ധര്‍മ്മരാജ് അടാട്ട് യോഗത്തില്‍ അധ്യക്ഷനായി.
ത്രിദിന ദേശീയ സെമിനാര്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല താരതമ്യ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9, 10, 11 തീയതികളില്‍ 'വുമണ്‍ ഇന്‍ ഫോക് ആന്റ് പോപ്പുലര്‍ കള്‍ച്ചര്‍' എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ഡോ. ടി.കെ. ആനന്ദി കേരളത്തിലെ ജനപ്രിയ സംസ്‌കാരത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ഡോ. സൂര്യകാന്തന്‍, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ഡോ. ദീപാ നിശാന്ത്, സബിത എസ്. സാബു, അഡ്വ. പ്രീത കെ, കെ, അജു.കെ. നാരായണന്‍, ശൈലജ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.