സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി
ഇരുപത്തഞ്ചാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ തുടക്കമായി. കനകധാരാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.എ.അജയഘോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഓഷ്യന്‍ സയന്‍സസ് ആന്റ് ഫിഷറീസ് വൈസ് ചാന്‍സിലര്‍ ഡോ.ബി.മധുസൂദനകുറുപ്പ് മുഖ്യാതിഥിയായിരുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ.കെ.ഗിരീഷ്‌കുമാര്‍ ആമുഖപ്രഭാഷണം നടത്തി. സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി.എസ്.ലാന്‍സ്‌ലെറ്റ് ആശംസ അര്‍പ്പിച്ചു. ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനറും, ഫിലോസഫി വിഭാഗം മേധാവിയുമായ ഡോ. ശ്രീകല എം. നായര്‍ സ്വാഗതവും, ശാസ്ത്ര കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ഡോ. കെ. മധുസൂദനന്‍ നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് കര്‍ഷക സംഗമം, സി.വി. രാമന്‍ മെമ്മോറിയല്‍ ലക്ച്ചര്‍ എന്നിവ നടന്നു. 18 വരെയാണ് പരിപാടി. കനകധാരാ ഓഡിറ്റോറിയം, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, എംഎസ്ഡബ്‌ളിയു ഹാള്‍, സാന്‍സ്‌ക്രിറ്റ് ജനറല്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍. മണ്ണിന്റെ ആരോഗ്യം ജീവന്റെ ആധാരം എന്നതാണ് മുഖ്യവിഷയം. മണ്ണും, കൃഷിയും ഭക്ഷ്യസുരക്ഷയും തമ്മിലുള്ള ബന്ധമാണ് ഈ വിഷയത്തിലൂടെ പ്രതിപാദിക്കുന്നത്.