പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി 20 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സലിംഗ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കാനുള്ള തിയതി മാര്‍ച്ച് 20 വരെ നീട്ടി. പ്രവേശന പരീക്ഷ, വൈവാ-വോസി എന്നിവ മാര്‍ച്ച് 24-ന് നടക്കും.
 
ബി.എസ്.സി/ബി.സി.എ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കണം
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ചിലെ അവസാന സെമസ്റ്റര്‍ ബി.എസ്.സി / ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) വിദ്യാര്‍ത്ഥികളില്‍ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31-നകം പ്രിന്‍സിപ്പല്‍മാര്‍ പരീക്ഷാഭവന്‍ ബി.എസ്.സി വിഭാഗത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍.
 
ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍  (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച് 19 വരെ അപേക്ഷിക്കാം.
 
വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ യു.ജി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴി യു.എ.ഇ, കുവൈറ്റ്, ഹൈദ്രാബാദ്, ബംഗ്ലുരൂ, മുംബൈ, ചെന്നൈ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആറാം സെമസ്റ്റര്‍ (ഏപ്രില്‍ 2018), അഞ്ചാം സെമസ്റ്റര്‍ (നവംബര്‍ 2017) യു.ജി (സി.സി.എസ്.എസ്) പരീക്ഷക്ക് 150 രൂപ പിഴയോടെ മാര്‍ച്ച് 22 വരെ അപേക്ഷിക്കാം.
 
എം.സി.ജെ പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല എം.സി.ജെ രണ്ട്, നാല് സെമസ്റ്റര്‍ ജൂണ്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
 
എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട്‌ടൈം ബി.ടെക് റഗുലര്‍ പരീക്ഷക്ക് എ.പി.സി സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 28 വരെ നീട്ടി.
 
എം.എസ്.സി മാത്‌സ് മൂല്യനിര്‍ണയ ക്യാമ്പ് 
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 20 മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ  കോളേജിലും (നോര്‍ത്ത് സോണ്‍), നെന്മാറ എന്‍.എസ്.എസ് കോളേജിലും (സൗത്ത് സോണ്‍) നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ള അധ്യാപകര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
ലൈബ്രറി സയന്‍സ് ശില്‍പശാലക്ക് തുടക്കമായി
അലമാരകളില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ എടുത്ത് കൊടുക്കുന്നവര്‍ എന്നതിലുപരി ലോകത്തെ സമസ്ത വിജ്ഞാനവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ശേഖരിക്കുകയും ആവശ്യാനുസരണം ലഭ്യമാക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി സര്‍വകലാശാലാ ലൈബ്രറി സംവിധാനം മാറിയതായി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന ഗവേഷണ രീതിശാസ്ത്രങ്ങളായ സൈന്റോ മെട്രിക്‌സ്, ഹാള്‍ട്ട്‌മെട്രിക്‌സ് എന്നിവയെക്കുറിച്ചാണ് ശില്‍പശാല. ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം അളക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ച് അധ്യാപകരും ഗവേഷകരും ബോധ്യമുള്ളവരാകേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ.ടി.എം.വാസുദേവന്‍ അധ്യക്ഷനായിരുന്നു. ഡോ.എം.സാദിഖ് പാഷ (അണ്ണാമലൈ സര്‍വകലശാല), ഡോ.ആര്‍.ബാലസുബ്രഹ്മണ്യന്‍ (ഭാരതീദാസന്‍ സര്‍വകലാശാല), ഡോ.കെ.മുഹമ്മദ് ഹനീഫ (കാലിക്കറ്റ് സര്‍വകലാശാല) എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗവേഷകരും വിദ്യാര്‍ത്ഥകളും പങ്കെടുക്കുന്നു.
 
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പരിശീലനവും പ്ലേസ്‌മെന്റും
ദുബായില്‍ ഇവന്റ് മാനേജ്‌മെന്റില്‍ പരിശീലനത്തിന് അവസരവും പ്ലേസ്‌മെന്റും ലഭിച്ച 180 ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ വിസ കൈമാറി. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഫിനാന്‍സ് ഓഫീസര്‍ വേലായുധന്‍ മുടിക്കുന്നത്ത്, യുവക്ഷേത്ര കോളേജിലെ ഫാദര്‍ മാത്യു ജോര്‍ജ് വാഴയില്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ ടോമി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
 
ഖൊ-ഖൊ ഇന്‍ഡോര്‍ കോര്‍ട്ട്
കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തിന് സമീപം 50 ലക്ഷം രൂപ ചെലവില്‍ പുതിയ ഖൊ-ഖൊ ഇന്‍ഡോര്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മാണ പുരോഗതി വിലയിരുത്തി. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ പുരുഷ-വനിതാ ഖൊ-ഖൊ മത്സരങ്ങളില്‍ ഒമ്പത് തവണ ഒന്നാം സ്ഥാനവും ആറ് തവണ രണ്ടാം സ്ഥാനവും അഞ്ച് തവണ മൂന്നാം സ്ഥാനവും കാലിക്കറ്റ് സര്‍വകലാശാല കരസ്ഥമാക്കിയിട്ടുണ്ട്.
 
വനിതാ ശില്‍പശാല
അഫിലിയേറ്റഡ് കോളേജുകളിലെ വനിതാ വികസന സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ശില്‍പശാല സംഘടിപ്പിച്ചു. മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ പൊന്നാനി എം.ഇ.എസ് കോളേജിന് വേണ്ടി ഡോ.അമീറ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിനാണ് രണ്ടാം സ്ഥാനം.
 
സുവര്‍ണ്ണ ജൂബിലി ബോട്ടണി അലുംമ്‌നി മീറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലം പഠിച്ചവരുടെ സമ്പൂര്‍ണ്ണ സുവര്‍ണ്ണ ജൂബിലി സംഗമം മാര്‍ച്ച് 17-ന് നടത്തുമെന്ന് പഠനവകുപ്പ് മേധാവി അറിയിച്ചു. സര്‍വകലാശാല സ്ഥാപിതമായ 1968-ല്‍ തന്നെ നിലവില്‍ വന്ന പഠനവകുപ്പാണ് ബോട്ടണി. പ്രഥമ മേധാവി ഡോ.ബി.കെ.നായര്‍, ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത സസ്യ ശാസ്ത്രജ്ഞന്‍ ഡോ.കെ.എസ്.മണിലാല്‍ തുടങ്ങിയവര്‍ ഈ കലായളവില്‍ ബോട്ടണി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്. സര്‍വകലാശാലാ തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കാലിക്കറ്റിലേതാണ്. എട്ട് ഉപശാഖകള്‍ ബോട്ടണി വിഭാഗത്തിലുണ്ടെന്നതും സവിശേഷതയാണ്. രണ്ട് ജേണലുകളും പഠനവകുപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്.
 
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലക്ചറര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ 
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ (സി.യു.ഐ.ഇ.ടി) താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന നിരക്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നതിന് മാര്‍ച്ച് 16-ന് രാവിലെ 10.30-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിവരങ്ങള്‍ www.cuiet.info വെബ്‌സൈറ്റില്‍.